തെരുവ് നായ ആക്രമണം; മഹാരാഷ്ട്രയിൽ രണ്ടുവയസ്സുകാരിക്ക് ഗുരുതര പരിക്ക്

താനെ: മഹാരാഷ്ട്രയിലെ താനെയിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. വേദ വികാസ് കാജരെ എന്ന പെൺകുട്ടി മറ്റൊരു പെൺകുട്ടിയോടൊപ്പം ഒരു ഇടവഴിയിലൂടെ നടന്നുപോകുമ്പോൾ പിന്നിൽ നിന്ന് ഓടിയെത്തിയ തെരുവ് നായ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കുട്ടി താഴെ വീഴുകയും നായ ആക്രമണം തുടരുകയും ചെയ്തു. വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
തെരുവ് നായകളുടെ എണ്ണം നിയന്ത്രണാതീതമായി വർദ്ധിച്ചിട്ടും ആവർത്തിച്ചുള്ള പരാതികളിൽ താനെ മുനിസിപ്പൽ കോർപ്പറേഷൻ നടപടിയെടുക്കുന്നില്ലെന്ന് വിമർശനങ്ങളുണ്ട്. "തെരുവ് നായകളെ പിടികൂടാൻ താനെ മുനിസിപ്പൽ കോർപ്പറേഷൻ അടിയന്തരമായി നടപടിയെടുത്തില്ലെങ്കിൽ, ഞങ്ങൾ ഈ പ്രദേശത്തെ എല്ലാ നായകളെയും പിടികൂടി കോർപ്പറേഷൻ ഓഫീസിൽ കൊണ്ടുപോയി തുറന്നുവിടും," ശിവസേന നേതാവ് രോഹിദാസ് മുണ്ടെ പറഞ്ഞു.
ഈ സംഭവം നടന്ന അതേ ദിവസം ഡൽഹിയിൽ നിന്നുള്ള ഒരു വയോധിക ദമ്പതികൾ സുപ്രീം കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തിരുന്നു. ഒരു നായ ആറ് പേരെ കടിച്ചിട്ടും കോർപ്പറേഷൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നായ ആക്രമണ കേസുകളിൽ "അപകടകരമായ വർധന" ഉണ്ടായതായി വെള്ളിയാഴ്ച സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഇത്തരത്തിലുള്ള തെരുവ് നായകളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. കൂടാതെ, ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള അധികാരികളോട് ഹൈവേകളും എക്സ്പ്രസ് വേകളും തെരുവ് മൃഗങ്ങളിൽ നിന്നും കന്നുകാലികളിൽ നിന്നും മുക്തമാക്കാൻ നിർദേശം നൽകുകയും ചെയ്തു.









0 comments