വിയോജിപ്പിനെ ക്രിമിനൽ കുറ്റമാക്കുന്നത് അവസാനിപ്പിക്കണം, അക്കാദമിക് സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുക: എസ്എഫ്ഐ
ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനെതിരായി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിച്ച് അശോക യൂണിവേഴ്‌സിറ്റി പ്രൊഫസറെ അറസ്റ്റു ചെയ്‌തത് അപലപനീയമെന്ന് എസ്എഫ്ഐ. രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടത്തിലാക്കി വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനായ ഡോ. അലി ഖാൻ മഹ്മൂദാബാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേണൽ സോഫിയ ഖുറേഷിയെ അവഹേളിച്ച് പോസ്റ്റിട്ടുവെന്ന ഹരിയാന വനിതാ കമീഷന്റെ ആരോപണത്തെ തുടർന്നാണ് മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്തത്. രാജ്യത്തെ പല സമൂഹങ്ങളുടെയും സമഗ്രമായ ശാക്തീകരണത്തിന്റെ അഭാവത്തെയാണ് പ്രൊഫസർ ചൂണ്ടിക്കാട്ടിയത്. ഇതേ സോഷ്യൽ മീഡിയ പോസ്റ്റിന്റെ മിക്ക ഭാഗങ്ങളിലും ഇന്ത്യൻ സായുധ സേന നടത്തിയ പ്രവർത്തനങ്ങളെ ഡോ. മഹ്മൂദാബാദ് പ്രശംസിച്ചത് ശ്രദ്ധിക്കപ്പെടുന്നില്ല. ഒരു രാഷ്ട്രത്തിന്റെ സർക്കാരിനെതിരെയുള്ള ക്രിയാത്മക വിമർശനത്തെ ഇത്തരത്തിൽ അടിച്ചമർത്തുന്നതിനെ ശക്തമായി അപലപിക്കുന്നതായി എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ ചില അക്കാദമിക് പ്രതിഭകളെ, അവർ സർക്കാരിനെ വിമർശിക്കുന്നു എന്ന കാരണം കൊണ്ട് വിചാരണയ്ക്ക് വിധേയരാക്കുന്നതിന്റെ തോത് വർധിപ്പിക്കാനേ ഇത് ഉതകൂ.
സർക്കാരിനെതിരായ ക്രിയാത്മക വിമർശനം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നു എന്നത് അസ്വസ്ഥത ഉളവാക്കുന്നതാണ്. കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ദിവസേന നടക്കുന്ന അതിക്രമങ്ങളെ തടയുന്നതിൽ സംസ്ഥാന വനിതാ കമീഷൻ നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിയാന പോലുള്ള ഒരു സംസ്ഥാനത്ത് ഈ അടിച്ചമർത്തൽ നടന്നത് അസംബന്ധമാണ്.
ഈ സാഹചര്യത്തിൽ, ഡോ. മഹ്മൂദാബാദിനെതിരായ എല്ലാ പരാതികളും ഉടൻ പിൻവലിക്കണമെന്നും ഹരിയാന വനിതാ കമീഷൻ അദ്ദേഹത്തോട് മാപ്പ് പറയണമെന്നും എസ്‌എഫ്‌ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെടുന്നതായി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ അക്കാദമിക് സ്ഥാപനങ്ങളിൽ സ്വാതന്ത്ര്യവും ജനാധിപത്യവും ഉയർത്തിപ്പിടിക്കേണ്ടത് നമ്മുടെ കടമയാണെന്നും എസ്എഫ്ഐ വ്യക്തമാക്കി.









0 comments