ബിഎൽഒമാർ വീടുകൾ സന്ദർശിക്കാതെ വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കി
എസ്ഐആര്‍ ; ബിഹാറിൽ വ്യാപക വോട്ടുവെട്ടൽ , സവിശേഷ അധികാരമെന്ന് കമീഷൻ

ന്യൂഡൽഹി
ബിഹാറിൽ എസ്‌ഐആർ പ്രക്രിയയുടെ ഭാഗമായി ബൂത്തുതല ഉദ്യോഗസ്ഥർ (ബിഎൽഒ) ഏകപക്ഷീയമായി വോട്ടുവെട്ടിയതായി പരാതി. വോട്ടർ മരണപ്പെടുകയോ താമസം മാറ്റുകയോ പല സ്ഥലങ്ങളിൽ വോട്ട് ചേർക്കുകയോ മേൽവിലാസത്തിൽ ഇല്ലാതിരിക്കുകയോ ചെയ്യുന്ന അവസരങ്ങളിലാണ് അവരെ വോട്ടർപ്പട്ടികയിൽനിന്നു ഒഴിവാക്കാറുള്ളത്. എന്നാൽ, പല മണ്ഡലങ്ങളിലെ ബൂത്തുകളിലും വീട് സന്ദർശിക്കാതെ ബിഎൽഒമാർ ‘വോട്ടർ മേൽവിലാസത്തിൽ ഇല്ലെന്ന്’ റിപ്പോർട്ട് കൊടുത്തു. കൃത്യമായ നിർദേശങ്ങളുടെ അഭാവമാണ് ഇതിന് കാരണം.
പുർണിയ, ഹാജിപുർ, ദിഘ നിയോജകമണ്ഡലങ്ങളിലെ 200 ബൂത്തുകളിലായി 22,259 വോട്ടർമാരെയാണ് ഒഴിവാക്കിയത്. ബിഎൽഒമാർ വീട് സന്ദർശിക്കാതെയാണ് വോട്ടുവെട്ടിയതെന്ന് ഒഴിവാക്കപ്പെട്ടവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
എസ്‌ഐആർ പ്രക്രിയയുടെ ഭാഗമായി ബിഎൽഒമാർ ഒരോ വീട്ടിലുമെത്തി റിപ്പോർട്ട് തയ്യാറാക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ അവകാശവാദം.
അതേസമയം, രേഖാമൂലം നിർദേശമില്ലാത്തതിനാൽ ബിഎൽഒമാർ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ബിഎൽഒമാരുടെ ‘വ്യക്തിപരമായ സംതൃപ്‌തി’ക്കാണ് പ്രാധാന്യമെന്ന് പുർണിയ ഇലക്‌ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ (ഇആർഒ) പാർഥ ഗുപ്‌ത പ്രതികരിച്ചു. ഏതെങ്കിലും ബൂത്തിൽ രണ്ട് ശതമാനത്തിൽ കൂടുതൽ വോട്ടർമാരെ ഒഴിവാക്കുകയോ നാല് ശതമാനത്തിൽ കൂടുതൽ വോട്ടുകൾ ചേർക്കുകയോ ചെയ്‌താൽ അഡീഷണൽ ഇലക്‌ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാരോ ബിഎൽഒ സൂപ്പർവൈസർമാരോ പരിശോധിക്കണം. ബിഹാറിലെ പല ജില്ലകളിലും ഇൗ നിർദേശം പാലിക്കപ്പെട്ടില്ലെന്ന ആക്ഷേപമുണ്ട്.
എസ്‌ഐആർ സവിശേഷ അധികാരമെന്ന് കമീഷൻ
ന്യൂഡൽഹി
വോട്ടർപ്പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) എപ്പോൾ, എങ്ങനെ നടത്തണമെന്നത് തങ്ങളുടെ സവിശേഷ അധികാരമാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ പറഞ്ഞു. എസ്‌ഐആർ നടപ്പാക്കുന്നത് പൂർണമായും തങ്ങളുടെ വിവേചനാധികാരമാണെന്നും ബാഹ്യ ഇടപെൽ ആവശ്യമില്ലെന്നും സത്യവാങ്‌മൂലത്തിൽ പറഞ്ഞു. കോടതി ഇടപെടേണ്ടതില്ലെന്ന നിലപാടാണ് കമീഷൻ പരോക്ഷമായി പറഞ്ഞത്. രാജ്യവ്യാപക എസ്‌ഐആറിന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോസ്ഥർക്ക് (സിഇഒ) നിർദേശം നൽകിയതായും കമീഷൻ അറിയിച്ചു. കൃത്യമായ ഇടവേളകളിൽ എസ്‌ഐആർ നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനികുമാർ ഉപാധ്യായ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് കമീഷൻ നിലപാടറിയിച്ചത്.
പിൻവാതിലിലൂടെ പൗരത്വ രജിസ്റ്റർ നടപ്പാക്കാനും ആളുകളെ കൂട്ടമായി വോട്ടർപ്പട്ടികയിൽനിന്ന് വെട്ടാനുമുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന കടുത്ത വിമർശം പ്രതിപക്ഷ പാർടികൾ ഉയർത്തിയിട്ടുണ്ട്. ഇൗ പ്രതിഷേധങ്ങൾ അവഗണിച്ചാണ് കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമീഷൻ രാജ്യവ്യാപക എസ്‌ഐആറിന് ഒരുങ്ങുന്നത്.









0 comments