കമീഷൻ ബുധനാഴ്‌ച മുഖ്യ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു , രാഷ്ട്രീയ പാർടികളുമായി കൂടിയാലോചന നടത്തിയില്ല

തീവ്ര പുനഃപരിശോധന രാജ്യവ്യാപകമാക്കുന്നു ; നീക്കം ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കേ

Special Intensive Revision
avatar
എം പ്രശാന്ത്‌

Published on Sep 07, 2025, 01:30 AM | 1 min read


ന്യൂഡൽഹി

ബിഹാറിൽ തിരക്കിട്ട്‌ നടത്തിയ വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധന (എസ്‌ഐആർ) രാജ്യവ്യാപകമായി നടത്താൻ തെരഞ്ഞെടുപ്പ്‌ കമീഷന്റെ നീക്കം. ബിഹാറിലെ തീവ്രപുനഃപരിശോധനയ്‌ക്കെതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ്‌ രാഷ്ട്രീയ പാർടികളുമായി ഒരു കൂടിയാലോചനയും നടത്താതെയുള്ള നീക്കം. 2026 ജനുവരി ഒന്ന്‌ യോഗ്യതാ തീയതിയായി നിശ്‌ചയിച്ചുകൊണ്ടാകും നടപടി.


നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന കേരളം, ബംഗാൾ, അസം, തമിഴ്‌നാട്‌, പുതുശ്ശേരി എന്നിവിടങ്ങളിലായിരിക്കും തുടക്കത്തിൽ പുനഃപരിശോധനയെന്ന്‌ സൂചനയുണ്ടായിരുന്നു. എന്നാൽ ഘട്ടംഘട്ടമായി നീങ്ങാതെ രാജ്യവ്യാപകമായി ഒറ്റയടിക്ക്‌ നടത്താനാണ്‌ ഇപ്പോഴത്തെ നീക്കം. പ്രാരംഭ ചർച്ചകൾക്കായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം ബുധനാഴ്‌ച വിളിച്ചു. അതത്‌ സംസ്ഥാനങ്ങളിലെ വോട്ടർമാരുടെ എണ്ണവും വിശദാംശങ്ങളും സിഇഒമാർ യോഗത്തിൽ വിശദീകരിക്കണം. മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറും തെരഞ്ഞെടുപ്പ്‌ കമീഷണർമാരായ സുഖ്‌ബീർ സിങ്‌ സന്ധു, വിവേക്‌ ജോഷി എന്നിവരും പങ്കെടുക്കും.


ബിഹാറിൽ വോട്ടർപട്ടികയുടെ തീവ്രപുന:പരിശോധന നടത്തുമെന്ന്‌ ജൂൺ 24 നാണ്‌ കമീഷൻ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. ഇതിനെതിരെ പ്രതിപക്ഷ പാർടികൾ ഒറ്റക്കെട്ടായി രംഗത്തുവന്നു. പുനഃപരിശോധനാ പ്രക്രിയയെ പ‍ൗരത്വവുമായി ബന്ധിപ്പിച്ചതും ആധാർ, വോട്ടർ തിരിച്ചറിയൽ കാർഡ്‌, റേഷൻ കാർഡ്‌ എന്നിവ തിരിച്ചറിയൽ രേഖകളായി അംഗീകരിക്കാതിരുന്നതുമാണ്‌ പ്രതിപക്ഷ പ്രതിഷേധത്തിന്‌ കാരണമായത്‌. പ്രതിപക്ഷ പാർടികൾ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന്‌ ആധാർ തിരിച്ചറിയൽരേഖയായി പരിഗണിക്കാൻ കോടതി നിർദേശിച്ചു.


ബിഹാറിൽ ഒഴിവാക്കൽ–ഉൾപ്പെടുത്തൽ അപേക്ഷകൾ പരിശോധിച്ചുവരികയാണ്‌. ഇത്‌ പൂർത്തീകരിച്ച്‌ സെപ്‌തംബർ 30ന്‌ അന്തിമ പട്ടിക പുറപ്പെടുവിക്കും. ബിഹാറിൽ ജനന സർട്ടിഫിക്കറ്റ്‌, പാസ്‌പോർട്ട്‌, ജാതി സർട്ടിഫിക്കറ്റ്‌, സ്ഥിരതാമസ സർട്ടിഫിക്കറ്റ്‌ തുടങ്ങി 11 രേഖകളാണ്‌ തിരിച്ചറിയൽ രേഖകളായി കമീഷൻ ആവശ്യപ്പെട്ടത്‌. കമീഷൻ പുറപ്പെടുവിച്ച കരടുപട്ടികയിൽ 65 ലക്ഷം പേരാണ്‌ പുറത്തായത്‌.





deshabhimani section

Related News

View More
0 comments
Sort by

Home