അവകാശ ലംഘനങ്ങൾ പലവിധം; ദക്ഷിണ റെയിൽവേ ലോക്കോ പൈലറ്റുമാർ സമരത്തിലേക്ക്

തിരുവനന്തപുരം: ദക്ഷിണ റെയിൽവേ ലോക്കോ പൈലറ്റുമാർ വിവിധ ആവശ്യങ്ങളുയർത്തി സമരത്തിലേക്ക്. ദക്ഷിണ റെയിൽവേയുടെ ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി, സേലം, പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ നിന്നുള്ള നൂറുകണക്കിന് ലോക്കോ പൈലറ്റുമാർ ബുധനാഴ്ച നടക്കുന്ന പത്ത് മണിക്കൂർ പ്രതിഷേധത്തിന്റെ ഭാഗമാകും. ചെന്നൈ മൂർ മാർക്കറ്റ് കോംപ്ലക്സിന് മുന്നിലാണ് സമരം.
പ്രധാന ആവശ്യങ്ങൾ:
1.ഡി എ 50% കവിയുന്ന സാഹചര്യത്തിൽ 2024 ജനുവരി മുതൽ പ്രാബല്യത്തിൽ വന്ന കിലോമീറ്റർ അലവൻസ് (കെഎംഎ) 25% വർധിപ്പിക്കുക
2. കിലോമീറ്റർ അലവൻസിനുള്ള ആദായനികുതി ഇളവ് പരിധി ഉയർത്തുക
3. ഡ്യൂട്ടി സമയത്ത് ഭക്ഷണ ഇടവേളകൾക്കും അല്ലാതെയും പ്രത്യേക സമയം നിർവചിക്കുക
4. 30%/55% ശമ്പള വിഹിതം നിഷേധിക്കുന്ന റെയിൽവേ ബോർഡ് ഉത്തരവ് പിൻവലിക്കുക
ഇതിനുപുറമെ, ഒരു വർഷത്തിലേറെയായി ഒഴിവുകൾ നികത്തുന്നതിലെ കാലതാമസവും പുതിയ ലോക്കോ പൈലറ്റുമാരെ നിയമിക്കുന്നതിനുപകരം വിരമിച്ച ലോക്കോ പൈലറ്റുമാരെ വീണ്ടും നിയമിക്കാനുള്ള ശ്രമങ്ങളും അന്യായാണ്. ഈ പോരാട്ടം ജീവനക്കാരുടെ ക്ഷേമത്തിന് മാത്രമല്ല, ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കിക്കൊണ്ട് യാത്രക്കാരെയും റെയിൽവേ സുരക്ഷയെയും സംരക്ഷിക്കുന്നതിനും കൂടിയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡ്യൂട്ടി ഷെഡ്യൂളുകൾ ഇതെല്ലാം പാലിച്ചാണെന്ന് പാർലമെന്റിലെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ റെയിൽവേ മന്ത്രി അവകാശപ്പെട്ടത് സഭയെ തെറ്റിദ്ധരിപ്പിക്കലാണ്. ലോക്കോ പൈലറ്റുമാരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് രൂപീകരിച്ച റെയിൽവേ മൾട്ടി-ഡിസിപ്ലിനറി കമ്മിറ്റി ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ വരെ തള്ളികളയുന്ന അവസ്ഥയാണുള്ളത്. വനിതാ ലോക്കോ പൈലറ്റുമാർ ഉൾപ്പടെയുള്ളവരെ നിയമിക്കുന്ന സമയത്ത് വന്ദേ ഭാരത് പോലുള്ള ട്രെയിനുകൾ ഓടിക്കുന്നവർക്ക് റസ്റ്റ് റൂം ആവശ്യങ്ങൾ പോലും നിഷേധിക്കുന്നത് ജീവനക്കാരുടെ ക്ഷേമ ആശങ്കകൾ മാത്രമല്ല ഗുരുതരമായ അപകടങ്ങൾക്കും കാരണമായേക്കാവുന്ന ഒന്നാണ്-പ്രസ്താവനയിൽ പറഞ്ഞു.









0 comments