പലസ്തീൻ ഐക്യദാർഢ്യം; എസ്‌എഫ്‌ഐ മാര്‍ച്ചിന് നേരെ ഡൽഹി പൊലീസിന്റെ അതിക്രമം

ന്യൂഡൽഹി: പലസ്തീൻ ഐക്യദാർഢ്യ പ്രകടനത്തിനിടെ എസ്‌എഫ്‌ഐ പ്രവർത്തകരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ഫ്രീഡം ഫ്ലോട്ടില്ലയിൽ തട്ടിക്കൊണ്ടുപോയ പ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് പുറത്ത് പ്രതിഷേധിച്ച പ്രവർത്തകര്‍ക്ക് നേരെയായിരുന്നു ഡൽഹി പൊലീസിന്റെ അതിക്രമം. സ്വതന്ത്ര പലസ്തീൻ എന്ന മുദ്രാവാക്യം ഉയർത്തി നിരവധി പ്രവർത്തകരാണ് തെരുവിലിറങ്ങിയത്.
എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമൺ, ജോയിന്റ് സെക്രട്ടറി മെഹിന ഫാത്തിമ എന്നിവരെ എപിജെ അബ്ദുൾ കലാം മാർഗിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഗാസയിലേക്ക് ജീവൻ രക്ഷാ സഹായം എത്തിച്ചുകൊണ്ടിരുന്ന പ്രവർത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന് മാത്രം നിരവധി വിദ്യാർഥികളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇത് ജനാധിപത്യത്തിനേറ്റ കനത്ത കളങ്കമാണെന്നും പ്രതിഷേധത്തെ എങ്ങനെയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും സ്വതന്ത്ര പലസ്തീനിനായുള്ള തങ്ങളുടെ ദൃഢനിശ്ചയത്തെ തെല്ലും ബാധിക്കില്ലെന്നും എസ്എഫ്ഐ ഡൽഹി സോഷ്യൽ മീഡിയയിൽ കുറിച്ചു.









0 comments