സിക്കിമിലെ മണ്ണിടിച്ചിൽ: കുടുങ്ങിക്കിടക്കുന്നത് 1,500ഓളം വിനോദസഞ്ചാരികൾ

ഗാങ്ടോക് : കനത്തമഴയിൽ മണ്ണിടിച്ചിലുണ്ടായതോടെ സിക്കിമിൽ കുടുങ്ങിയത് 1,500ഓളം വിനോദസഞ്ചാരികൾ. നോർത്ത് സിക്കിമിന്റെ വിവിധ ഭാഗങ്ങളിലായാണ് ഇവർ കുടുങ്ങിക്കിടക്കുന്നത്. തുടർച്ചയായ മഴയെത്തുടർന്ന് മണ്ണിടിച്ചിലിൽ പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെയാണ് വിനോദ സഞ്ചാരികൾ കുടുങ്ങിയത്. ടീസ്ത നദിയിൽ കാണാതായ എട്ട് വിനോദ സഞ്ചാരികൾക്കായുള്ള തെരച്ചിൽ കാലാവസ്ഥ പ്രതികൂലമായതോടെ തടസപ്പെട്ടു. വ്യാഴാഴ്ച രാത്രി മംഗൻ ജില്ലയിലെ ടീസ്ത നദിയിലേക്ക് 11 വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് വിനോദസഞ്ചാരികളെ കാണാതായത്. അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലാച്ചൻ-ലാച്ചുങ് ഹൈവേയിൽ മുൻസിതാങ്ങിന് സമീപത്തുവച്ച് വാഹനം 1,000 അടിയിലധികം താഴ്ചയിലേക്ക് മറിയുകയായിരുന്നു. കനത്ത മഴയിൽ ടീസ്ത നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നാണ് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചത്.
ചുങ്‌താങ്ങിനെ ലാച്ചെൻ, ലാച്ചുങ് എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞു. വടക്കൻ സിക്കിം സന്ദർശിക്കുന്നതിന് ഇന്ന് ടൂറിസ്റ്റ് പെർമിറ്റുകൾ നൽകിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) പ്രദേശത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും ഗാങ്‌ടോക്ക് ജില്ലാ മജിസ്‌ട്രേറ്റ് അടിയന്തര പൊതു അറിയിപ്പ് പുറപ്പെടുവിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും കനത്ത മഴ നാശം വിതച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായി പെയ്യുന്ന മഴയിൽ വിവിധ സംസ്ഥാനങ്ങളിലായി മുപ്പതോളം പേർ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അരുണാചൽ പ്രദേശ്, അസം, മേഘാലയ, ത്രിപുര, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴക്കെടുതി ഏറെ രൂക്ഷമായത്. അരുണാചൽ പ്രദേശിൽ മഴയെത്തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ 9 പേർ മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇതേത്തുടർന്ന് നിരവധി ജില്ലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായിരുന്നു. ഈസ്റ്റ് കമെങ് ജില്ലയിൽ വ്യാഴാഴ്ച രാത്രി ദേശീയപാത 13ലെ ബന-സെപ്പ മേഖലയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ വാഹനം ഒലിച്ചു പോയാണ് ഏഴ് പേർ മരിച്ചത്. ലോവർ സുബൻസിരി ജില്ലയിൽ സിറോ-കാംലെ റോഡരികിലെ പൈൻ ഗ്രൂവ് പ്രദേശത്തിനടുത്തുള്ള ഒരു കാബേജ് ഫാമിലുണ്ടായ മണ്ണിടിച്ചിലിലാണ് രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അസമിൽ എട്ട് പേർ മരിച്ചു. 17 ജില്ലകൾ വെള്ളത്തിനടിയിലാവുകയും 78,000 ത്തിലധികം ആളുകൾ പ്രളയ ബാധിതരായതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മിസോറാമിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. ഇതിൽ മൂന്ന് പേർ മ്യാൻമർ അഭയാർത്ഥികളാണ്. മേഘാലയയിൽ കനത്ത മഴയിൽ ഇടിമിന്നലേറ്റ് രണ്ട് പെൺകുട്ടികൾ മരിച്ചു. ഒരാൾ മുങ്ങിമരിച്ചു. നാഗാലാൻഡിൽ ചുമൗകെഡിമ ജില്ലയിലെ ദേശീയപാത-29 ൽ ഡമ്പറിൽ പാറ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു.









0 comments