മുൻ ഉപമുഖ്യമന്ത്രിയുടെ പ്രതിമ ഇരുന്നിടത്ത് രാമ വിഗ്രഹം; സർക്കാർ നടപടിയെടുക്കണമെന്ന് സിപിഐ എം

photo credit: X
അഗർത്തല: ത്രിപുര മുൻ ഉപമുഖ്യമന്ത്രിയും സിപിഐ എം നേതാവുമായിരുന്ന ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ നിന്നിരുന്ന സ്ഥലത്ത് അജ്ഞാതർ രാമന്റെ വിഗ്രഹം സ്ഥാപിച്ചു. ഇവിടെ നിന്ന് രാമ വിഗ്രഹം മാറ്റി സ്ഥാപിക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹയോട് സിപിഐ എം ആവശ്യപ്പെട്ടു.
ഏപ്രിൽ 11 ന് രാത്രിയിൽ ഉനകോടി ജില്ലയിലെ കൈലാഷഹർ പട്ടണത്തിലെ ശ്രീരാംപൂർ കവലയിലാണ് അജ്ഞാതരായ ആളുകൾ രാമ വിഗ്രഹം കൊണ്ടു വച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. നേരത്തെ ഇവിടെ ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ സ്ഥാപിച്ചിരുന്നു.
ബിജെപി അധികാരത്തിൽ വന്നശേഷം ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ പൊളിച്ചുമാറ്റുകയായിരുന്നു. ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ 2012 ൽ ജനകീയ ആവശ്യപ്രകാരം സ്ഥാപിച്ചതായിരുന്നു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രതിമ പൊളിച്ചുകളയുകയായിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പ്രതിമ സ്ഥാപിച്ചിരുന്ന ഇടത്ത് രാമന്റെ വിഗ്രഹം വെക്കുന്നത് ത്രിപുരയുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്ന് ജിതേന്ദ്ര ചൗധരി പറഞ്ഞു. രാമന്റെ വിഗ്രഹം അനുയോജ്യമായ ഒരു സ്ഥലത്തേക്കോ ക്ഷേത്രത്തിലേക്കോ മാറ്റി സ്ഥാപിക്കണം. ബൈദ്യനാഥ് മജുംദാർ എന്ന ജന നേതാവിന്റെ പ്രതിമ വീണ്ടും സ്ഥാപിക്കണം. തന്റെ ജീവിതം ജനങ്ങളുടെ ലക്ഷ്യത്തിനായി സമർപ്പിച്ചവ്യക്തിയായിരുന്നു ബൈദ്യനാഥ് മജുംദാർ എന്ന് ജിതേന്ദ്ര ചൗധരി വ്യക്തമാക്കി.









0 comments