രാജ്യത്തുള്ള മുഴുവൻ പശുക്കളുമായി ഞങ്ങൾ പാർലമെന്റിൽ പ്രവേശിക്കും: ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ്

ന്യൂഡൽഹി: പാർലമെന്റിനുള്ളിൽ പശുവിനെ കയറ്റിയില്ലെങ്കിൽ തങ്ങൾ പശുവുമായി കെട്ടിടത്തിലേക്കെത്തുമെന്ന് ജ്യോതിർ പീഡം ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ്. പാർലമെന്റിന്റെ ഉദ്‌ഘാടന വേളയിൽ തന്നെ അനുഗ്രഹങ്ങൾ നൽകുന്നതിനായി ഒരു പശുവിനെ കെട്ടിടത്തിനുള്ളിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നുവെന്നും അവിമുക്തേശ്വരാനന്ദ് പറഞ്ഞു.
പശുവിന്റെ പ്രതിമയെ പാർലമെന്റിൽ പ്രവേശിപ്പിക്കാമെങ്കിൽ എന്തുകൊണ്ട് ജീവനുള്ള പശുവിന് കെട്ടിടത്തിൽ പ്രവേശിച്ചുകൂടായെന്ന് മാധ്യമ പ്രവർത്തകരോട് അവിമുക്തേശ്വരാനന്ദ് ചോദിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രധാനമന്ത്രിയുടെ കയ്യിൽ പിടിച്ച ചെങ്കോലിൽ പശുവിന്റെ രൂപം കൊത്തി വച്ചിട്ടുണ്ട്. അനുഗ്രഹങ്ങൾ നൽകുന്നതിനായി കെട്ടിടം ഉദ്‌ഘാടനം ചെയ്യുമ്പോൾ തന്നെ യഥാർഥ പശു പാർലമെന്റിലേക്ക് പ്രവേശിക്കേണ്ടതായിരുന്നു. ഇനിയും അത് വൈകിയാൽ രാജ്യത്തുള്ള മുഴുവൻ പശുക്കളുമായി ഞങ്ങൾ പാർലമെന്റിലേക്കെത്തുമെന്നായിരുന്നു അവിമുക്തേശ്വരാനന്ദിന്റെ വാക്കുകൾ.
‘ഇന്ത്യയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 പശുക്കളെ ഉൾക്കൊള്ളാൻ കഴിയുന്ന ‘രാമധം’ എന്ന ഗോശാലകൾ വേണമെന്ന് ശങ്കരാചാര്യർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളം ആകെ 4,123 രാമധാമങ്ങൾ നിർമ്മിക്കും. ദൈനംദിന പശു പരിപാലനം, സംരക്ഷണം, തദ്ദേശീയ ഇനങ്ങളെ പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശാലകളായിരിക്കും അവ. 100 പശുക്കളെ വളർത്തുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതം നൽകുകയും ചെയ്യും’- അവിമുക്തേശ്വരാനന്ദ് പറഞ്ഞു.
മഹാരാഷ്‌ട്ര സംസ്ഥാന സർക്കാർ എത്രയും പെട്ടന്ന് പശുക്കളെ ആദരിക്കുന്നതിനായി ഒരു പ്രോട്ടോക്കോൾ ഉണ്ടാക്കണം. പശുവിനെ എങ്ങനെ ബഹുമാനിക്കണമെന്ന് സംസ്ഥാനം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതിൽ ഒരു അന്തിമരൂപമുണ്ടാക്കണമെന്നും അവിമുക്തേശ്വരാനന്ദ് ആവശ്യപ്പെട്ടു.









0 comments