രാജ്യത്ത് വിവിധ ഹൈക്കോടതികൾക്കു നേരെ ബോംബ് ഭീഷണി

മുംബൈ : രാജ്യത്ത് വ്യാജ ബോംബ് ഭീഷണികൾ വ്യാപകമാകുന്നു. ബോംബെ ഹൈക്കോടതിയിലെ ഔറംഗദാബാദ് ബെഞ്ചിനു നേരെ ഇന്ന് ഭീഷണിസന്ദേശമെത്തി. ചത്രപതി സംഭാജിനഗർ സിറ്റിയിലുള്ള കെട്ടിടത്തിൽ പൊലീസ് പരിശോധന നടത്തി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും സ്നിഫർ നായകളും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മെയിലിന്റെ ഉറവിടം കണ്ടെത്താനായി സൈബർ ക്രൈം വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെൻട്രൽ മഹാരാഷ്ട്രയിലെ തിരക്കേറിയ ജൽന റോഡിനു സമീപമാണ് ഔറംഗദാബാദ് ബെഞ്ച് സ്ഥിതി ചെയ്യുന്നത്.
ഗുവാഹത്തി (ഗൗഹത്തി) ഹൈക്കോടതിക്ക് നേരെയും ഭീഷണി സന്ദേശമെത്തി. ഇ മെയിൽ വഴിയാണ് ഇവിടെയും വ്യാജ ഭീഷണി സന്ദേശമെത്തിയത്. ഉടൻ തന്നെ കെട്ടിടത്തിൽ പരിശോധന നടത്തി. സന്ദേശം വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കി. ഭീഷണിയുടെ പശ്ചാത്തലത്തിൽ കോടതിയുടെ സുരക്ഷ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് കേരള ഹൈക്കോടതിക്കുനേരെയും ഭീഷണി സന്ദേശമെത്തിയിരുന്നു.









0 comments