ഡൽഹിയിൽ നാലുനിലക്കെട്ടിടം തകർന്ന് അപകടം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം

delhi building collapse
വെബ് ഡെസ്ക്

Published on Jul 12, 2025, 10:43 AM | 1 min read

ന്യൂഡൽഹി : ഡൽഹിയിൽ നാലുനിലക്കെട്ടിടം തകർന്ന് വൻ അപകടം. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വടക്കുകിഴക്കൻ ഡൽഹിയിലെ വെൽക്കം ഏരിയയിൽ ശനിയാഴ്ച രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. ദുരന്തനിവാരണ സേനയും പൊലീസും അടക്കമുള്ള സേനകൾ രക്ഷാപ്രവർത്തനം തുടരുകയാണ്.


14 മാസം പ്രായമുള്ള ഒരു ആൺകുട്ടി, നാല് പുരുഷന്മാർ, മൂന്ന് സ്ത്രീകൾ എന്നിവരുൾപ്പെടെ എട്ട് പേരെ ഇതുവരെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തു. ഇവരെ ജെപിസി ആശുപത്രിയിലും ജിടിബി ആശുപത്രിയിലുമായി പ്രവേശിപ്പിച്ചതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു. കെട്ടിടം തകരാനുള്ള കാരണം വ്യക്തമല്ല. പത്ത് പേരടങ്ങുന്ന ഒരു കുടുംബം കെട്ടിടത്തിൽ താമസിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കെട്ടിടം തകർന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പ്രദേശവാസികൾ പ്രഭാതനടത്തത്തിനിറങ്ങിയ സമയത്താണ് അപകടമുണ്ടായത്. ഭീകരമായ ശബ്ദത്തോടെ കെട്ടിടം തകർന്നുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികളിലൊരാൾ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.


കഴി‍ഞ്ഞ ദിവസവും ഡൽഹിയിൽ മൂന്നുനിലക്കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു. വെള്ളി പുലർച്ചെ വടക്കൻ ഡൽഹിയിലെ ആസാദ് മാർക്കറ്റിന് സമീപമാണ് അപകടമുണ്ടായത്. ബാര ഹിന്ദു റാവു പ്രദേശത്തുണ്ടായിരുന്ന മൂന്ന് നിലക്കെട്ടിടമാണ് പുലർച്ചെ രണ്ടോടെ തകർന്നുവീണത്.



deshabhimani section

Related News

View More
0 comments
Sort by

Home