വ്യാജ ഏറ്റുമുട്ടലെന്ന് പൗരാവകാശ സംഘടനകള്‍
ഛത്തീസ്ഗഡിൽ 7 മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നു

റായ്‍പുര്‍
രണ്ട് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഏഴ് മാവോയിസ്റ്റുകളെ ഛത്തീസ്ഗഡിലെ ബിജാപുരിൽ പൊലീസ് വെടിവച്ചുകൊന്നു. സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗമായ സുധാകര്‍, തെലങ്കാന സംസ്ഥാനകമ്മിറ്റി അംഗം ഭാസ്‍കര്‍ എന്നിവരാണ് കൊല്ലപ്പെട്ടവരിലെ പ്രമുഖര്‍. രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ട്.
ജൂൺ അഞ്ചു മുതൽ ഏഴുവരെ മൂന്നുദിവസമായി നടന്ന ഓപ്പറേഷനിടെ "ഏറ്റുമുട്ടലിൽ വധിച്ചു' എന്നാണ് പൊലീസ് അവകാശപ്പെട്ടത്. എന്നാൽ, വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണ് നടന്നതെന്നും കസ്റ്റഡിയിലെടുത്ത മാവോയിസ്റ്റുകളെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുകയായിരുന്നെന്നും പൗരാവകാശ സംഘടനകള്‍ ആരോപിച്ചു.
ആന്ധ്ര സ്വദേശിയായ സുധാകര്‍ മാവോയിസ്റ്റ് റവല്യൂഷനറി പൊളിറ്റിക്കൽ സ്‍കൂളിന്റെ ചുമതല വഹിക്കുന്ന നേതാവാണ്. ജനറൽ സെക്രട്ടറി ബസവരാജു കൊല്ലപ്പെട്ടശേഷം മേഖലയിൽ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള നീക്കം തകര്‍ത്തുവെന്നാണ് അധികൃതരുടെ അവകാശവാദം.
"കസ്റ്റഡിയിലെടുത്ത് കൊന്നു'
ബിജാപുരിലെ ഇന്ദ്രാവതി നാഷണൽ പാര്‍ക്കിൽപ്പെട്ട പര്ഷാഗഡ് ഗ്രാമത്തില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പത്തു മാവോയിസ്റ്റുകളിൽ ഏഴുപേരെ ക്രൂര പീഡനത്തിനുശേഷം കൊല്ലുകയായിരുന്നുവെന്ന് സിവിൽ ലിബര്‍ട്ടീസ് കമ്മിറ്റീസ് തെലങ്കാന പ്രസിഡന്റ് ഗദ്ദം ലക്ഷ്‍മൺ, ജനറൽ സെക്രട്ടറി എം നാരായണ റാവു എന്നിവര്‍ ആരോപിച്ചു. ജൂൺ 5ന് ഒരാളെയും 6ന് നാലുപേരെയും 7ന് രണ്ടുപേരെയും കൊന്നു. മൂന്നുപേര്‍കൂടി കസ്റ്റഡിയിലുണ്ടെന്നും ആരോപിച്ചു.
18 മാവോയിസ്റ്റുകള്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും അവരുടെ ജീവന്‍ അപകടത്തിലാണെന്നും കോര്‍ഡിനേഷൻ കമ്മിറ്റി ഫോര്‍ പീസ് പറഞ്ഞു. വ്യാജ ഏറ്റുമുട്ടലാണെന്ന് കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് ആരോപിച്ചു.









0 comments