ജമ്മു കശ്മീരിൽ ഭീകര സംഘടനകളുമായി ബന്ധമുള്ള ഏഴ് പേ‌ർ അറസ്റ്റിൽ: ആയുധങ്ങളും പിടിച്ചെടുത്തു

jammu kashmir police
വെബ് ഡെസ്ക്

Published on Nov 10, 2025, 02:36 PM | 1 min read

ശ്രീന​ഗർ: ഭീകരവിരുദ്ധപ്രവർത്തനങ്ങളുടെ ഭാ​ഗമായി ജമ്മു കശ്മീർ പൊലീസ് നടത്തിയ തിരച്ചിലിൽ ഭീകര സംഘടനകളുമായി ബന്ധമുള്ള ഏഴ് പേർ അറസ്റ്റിൽ. ശ്രീനഗറിലെ നൗഗാം സ്വദേശികളായ ആരിഫ് നിസാർ ദാർ, യാസിർ-ഉൽ-അഷ്‌റഫ്, മഖ്‌സൂദ് അഹമ്മദ് ദാർ, ഷോപിയാൻ സ്വദേശി മൊൾവി ഇർഫാൻ അഹമ്മദ്, മുത്ലാഷ സ്വദേശി സമീർ അഹമ്മദ് അഹാംഗർ, പുൽവാമ സ്വദേശി ഡോ. മുസമ്മിൽ അഹമ്മദ് ഗനായൈ, കുൽഗാം സ്വദേശി ഡോ. അദീൽ എന്നിവരാണ് പിടിയിലായത്.


നിരോധിത ഭീകര സംഘടനകളായ ജെയ്‌ഷെ-ഇ-മുഹമ്മദ് (ജെ‌ഇ‌എം), അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് (എ‌ജി‌യു‌എച്ച്) എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഇവർ. ശ്രീനഗർ, അനന്ത്‌നാഗ്, ഗണ്ടർബാൽ, ഷോപ്പിയാൻ എന്നിവിടങ്ങളിലെ ഒന്നിലധികം സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിലാണ് സം​ഘത്തെ പിടികൂടിയതെന്ന് ജമ്മു കശ്മീർ പൊലീസ് വാർത്താ കുറിപ്പിൽ അറിയിച്ചു. ഹരിയാന പൊലീസുമായി ചേർന്ന് ഫരീദാബാദിലും യുപി പൊലീസുമായി സഹാറൻപൂരിലും ജമ്മു കശ്മീർ പൊലീസ് സമാന തിരച്ചിൽ നടത്തിയിരുന്നു. പ്രൊഫഷണലുകളും വിദ്യാർഥികളും ഉൾപ്പെടുന്ന സംഘമാണ് അറസ്റ്റിലായത്.


കുറ്റകരമായ രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ആയുധങ്ങൾ/വെടിക്കോപ്പുകൾ, ഐഇഡി നിർമ്മാണ സാമഗ്രികൾ എന്നിവ അന്വേഷണത്തിൽ കണ്ടെടുത്തു. ചൈനീസ് സ്റ്റാർ പിസ്റ്റൾ, ബെറെറ്റ പിസ്റ്റൾ, എകെ 56 റൈഫിൾ, എകെ ക്രിങ്കോവ് റൈഫിൾ, 2900 കിലോഗ്രാം ഐഇഡി നിർമ്മാണ സാമഗ്രികൾ എന്നിവയാണ് പിടിച്ചെടുത്തത്. സംഘത്തിന്റെ പ്രവർത്തനങ്ങൾക്കായുള്ള സാമ്പത്തിക ശ്രോതസുകളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home