ദി വയറിനെതിരെ രാജ്യദ്രോഹക്കുറ്റം : അറസ്‌റ്റടക്കമുള്ള കടുത്ത നടപടികൾ തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി : ബിജെപി വിമർശകരായ ‘ദി വയർ’ വാർത്താപോർട്ടലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ അറസ്‌റ്റ് അടക്കമുള്ള കടുത്ത നടപടികൾ തടഞ്ഞ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ബിഎൻഎസ് 152 പ്രകാരമുള്ള കേസിലാണ് വാർത്താപോർട്ടലിന്റെ എഡിറ്റർ സിദ്ധാർത്ഥ് വരദരാജനെതിനെതിരെ അറസ്‌റ്റ് ഉൾപ്പെടെ പാടില്ലന്ന് ജസ്‌റ്റിസുമാരായ സൂര്യകാന്ത് , ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച്- ഉത്തരവിട്ടത്. വകുപ്പിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്‌ത ഹർജിയിൽ കേന്ദ്രസർക്കാരിനും അസം സർക്കാരിനും സുപ്രീംകോടതി നോട്ടീസയച്ചു. അതേസമയം ചോദ്യംചെയ്യലുണ്ടായാൽ സഹകരിക്കണം. വകുപ്പിന്റെ ഭരണഘടനസാധുത ചോദ്യം ചെയ്യുന്ന കേസുകൾക്കൊപ്പം ദി വയറിന്റെ ഹർജിയും ബെഞ്ച് ടാഗ് ചെയ്‌തു.
പാകിസ്ഥാൻ ഭീകരകേന്ദ്രങ്ങൾ ലഷ്യമിട്ടുള്ള ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ യുദ്ധവിമാനങ്ങൾ നഷ്‌ടമായെന്ന വാർത്തയുടെ പേരിലാണ് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് ഭീഷണിയുയർത്തിയെന്ന വാദമുന്നയിച്ച് കേസ് രജിസ്‌റ്റർ ചെയ്‌തത്. രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലം വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന ഇന്ത്യൻ പ്രതിരോധ അറ്റാഷെയുടെ പ്രസ്‌താവനയെ ഉദ്ധരിച്ചായിരുന്നു വാർത്ത. ഇന്തോനേഷ്യൻ സർവകലാശാല സംഘടിപ്പിച്ച സെമിനാറിന്റെ വസ്തുതാപരമായ റിപ്പോർട്ടും ഇന്തോനേഷ്യയിലെ ഇന്ത്യയുടെ സൈനിക അറ്റാഷെ ഉൾപ്പെടെയുള്ള പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവനകളും മാത്രമാണ് ലേഖനത്തിൽ ഉൾപ്പെടുത്തിയതെന്ന് ദ് വയർ നൽകിയ ഹർജിയിൽ പറഞ്ഞു. ഇതേ വിഷയം മറ്റ് മാധ്യമങ്ങളും പ്രസിദ്ധീകരിച്ചുവെന്നും തങ്ങളെ മാത്രം ലഷ്യമിട്ട് അറസ്‌റ്റിന് ഒരുങ്ങുന്നുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു. സുപ്രീംകോടതി മരവിപ്പിച്ച ഐപിസി സെക്ഷൻ 124എ വകുപ്പ് തന്നെയാണ് ബിഎൻഎസിൽ ഉൾപ്പെടുത്തിയ 152ആം വകുപ്പെന്ന് ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷക നിത്യ രാമകൃഷ്ണൻ പറഞ്ഞു. പരമാധികാരത്തിന് വ്യക്തമായ ഭീഷണിയുള്ളപ്പോൾ മാത്രമേ വകുപ്പ് ബാധകമാകൂവെന്ന് ബെഞ്ച് ഉറപ്പ്‌നൽകി.









0 comments