കടൽമണൽ ഖനനം: വിദേശകുത്തകകൾക്ക് വഴിയൊരുക്കി കേന്ദ്രം

സ്വന്തം ലേഖിക
Published on Jul 21, 2025, 12:00 AM | 1 min read
ന്യൂഡൽഹി : കേരളത്തിന്റെ എതിർപ്പ് അവഗണിച്ച് മത്സ്യസമ്പത്തിനും ആഴക്കടൽ ജൈവവൈവിധ്യത്തിനും ആഘാതമേൽപ്പിക്കുന്ന കടൽമണൽ ഖനനത്തിന് നീങ്ങുന്ന കേന്ദ്രസർക്കാർ സ്വകാര്യമേഖലയ്‌ക്കും വിദേശകുത്തകകൾക്കും പരവതാനി വിരിക്കുന്നു.
ടെൻഡർ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തി വിദേശകമ്പനികൾക്കും അവയുടെ ഉപകമ്പനികൾക്കും ലേലത്തിൽ പങ്കെടുക്കാൻ കേന്ദ്രം വഴിയൊരുക്കി. ടെൻഡർ അപേക്ഷയ്‌ക്കുള്ള സമയം അവസാനിക്കുമ്പോഴും കേരളത്തിലെ ഖനനത്തിന് കമ്പനികളൊന്നും താൽപ്പര്യം അറിയിക്കാത്തതിനാലാണ് ഭേദഗതിയെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. അപേക്ഷയ്‌ക്കുള്ള അവസാന തീയതി 28.
കടൽമണൽ ഖനനത്തിനെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. ഗുരുതര പാരിസ്ഥിതികാഘാതം സൃഷ്‌ടിക്കുന്ന കടൽമണൽ ഖനനത്തിന്റെ തുടർനടപടികൾ നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ വീണ്ടും കേന്ദ്രത്തെ സമീപിക്കും. ഗുജറാത്തിലെ പോർബന്തർ, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലും കടൽമണൽ ഖനനത്തിന്റെ ലേലനടപടികൾ പുരോഗമിക്കുകയാണ്. യോഗ്യതയുള്ള ടെൻഡറുകൾ ആഗസ്‌ത് 21നും സെപ്തംബർ രണ്ടിനുമിടയിൽ തെരഞ്ഞെടുക്കും.
സെപ്തംബർ എട്ടിന് തെരഞ്ഞെടുക്കുന്ന കമ്പനിയെ പ്രഖ്യാപിക്കും. കേരളത്തിൽ കൊല്ലത്താണ് ആദ്യഘട്ട ഖനനത്തിന് പദ്ധതിയിടുന്നത്. പിന്നാലെ, പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കണ്ണൂർ കോഴിക്കോട് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും.
2021ൽ നടപ്പാക്കിയ ‘നീല സമ്പദ്‌വ്യവസ്ഥ’യുടെ ഭാഗമായുള്ള തീര–-ആഴക്കടൽ ഖനനം പ്രധാനമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ധാതുക്കൾ ചൂഷണം ചെയ്യാൻ വിദേശകുത്തകകൾക്ക് അനുമതി നൽകാൻ ലക്ഷ്യമിട്ടായിരുന്നു. എന്നാൽ, 2002ലെ ‘ധാതുസമ്പത്തുക്കളുടെ വികസനവും നിയന്ത്രണവും നിയമം’ തടസ്സമായി.
2023ൽ കേന്ദ്രസർക്കാർ നിയമം ഭേദഗതിചെയ്‌ത് ഖനനത്തിന് സ്വകാര്യ മേഖലയ്‌ക്കും അനുവാദം നൽകാമെന്നാക്കി. നിലവിലെ ഭേദഗതിയിലൂടെ വിദേശ കമ്പനികൾക്കും അനുമതി നൽകി.









0 comments