രൺവീർ അല്ലാബാദിയയ്ക്കെതിരായ അന്വഷണം പൂർത്തിയായി: ഹർജി 28ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : വിവാദ പരാമർശത്തിൽ യൂട്യൂബർ രൺവീർ അല്ലാബാദിയയ്ക്കെതിരായ കേസിൽ പാസ്പോർട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് രൺവീർ നൽകിയ ഹർജി 28ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്ര പൊലീസ് കേസിൽ അന്വേഷണം പൂർത്തിയാക്കിയതായും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അന്വേഷണപുരോഗതി അറിയിക്കാൻ അസം പൊലീസിനോട് കോടതി നിർദേശിച്ചു.
കൊമേഡിയൻ സമയ് റെയ്ന അവതരിപ്പിക്കുന്ന ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന പരിപാടിയിൽ വച്ചാണ് രണവീർ അശ്ലീല പരാമർശം നടത്തിയത്. ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ’യിലെ വിധികർത്താക്കളിലൊരാളാണ് രൺവീർ. ‘ഇനിയുള്ള കാലം നിങ്ങൾ മാതാപിതാക്കൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ദിവസേന നോക്കി നിൽക്കുമോ അതോ അവർക്കൊപ്പം ചേർന്ന് എന്നേക്കുമായി ഇത് അവസാനിപ്പിക്കുമോ’ എന്നാണ് മത്സരാർഥിയോട് രൺവീർ ചോദിച്ചത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് രൺവീറിനെതിരെ ഉയർന്നത്. തുടർന്ന് വീഡിയോ യൂട്യൂബ് നീക്കം ചെയ്തിരുന്നു.
രൺവീറിനു പുറമെ പരിപാടിയിലുണ്ടായിരുന്ന സമയ് റെയ്ന, അപൂർവ മുഖിജ, ജസ്പ്രീത് സിങ്, ആഷിഷ് ചഞ്ച്ലാനി, തുഷാർ പൂജാരി, സൗരവ് ബോത്ര, ബാൽരാജ് ഘായ് എന്നിവർക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു. മാപ്പു പറഞ്ഞുകൊണ്ട് രൺവീർ വീഡിയോ പോസ്റ്റ് ചെയ്തെങ്കിലും വിവാദം ശക്തമായിരുന്നു. രണവീറിനും ഇന്ത്യാസ് ഗോട്ട് ലാറ്റെന്റിനും എതിരെ മുംബൈയിലും അസമിലും കേസുകൾ രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്ര സൈബർ സെല്ലും കേസെടുത്തിരുന്നു.









0 comments