പണം സമാഹരിക്കാൻ കേന്ദ്രം; എസ്‌ബിഐ 
25,000 കോടിയുടെ 
ഓഹരി വിറ്റഴിക്കുന്നു

sbi
avatar
വാണിജ്യകാര്യ ലേഖകൻ

Published on Jul 11, 2025, 07:28 AM | 1 min read

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യ ബാങ്കായ എസ്‌ബിഐ 25,000 കോടിയുടെ ഓഹരികൾ വിറ്റഴിക്കുന്നെന്ന്‌ ബ്ലൂംബെർഗ്‌ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ ക്യുഐപി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ്) ആയിരിക്കും ഇത്. പൊതുവിപണിയിൽ ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനി സ്ഥാപന നിക്ഷേപകർക്ക് നേരിട്ട് ഓഹരി വിറ്റ് മൂലധനം സമാഹരിക്കുന്നതാണ് ക്യുഐപി.

ഇത്‌ നടന്നാൽ എസ്ബിഐ, 2015ലെ കോൾ ഇന്ത്യയുടെ റെക്കോഡ്‌ മറികടക്കും. കോൾ ഇന്ത്യയുടെ ഓഹരികൾ വിറ്റ് 22,560 കോടി രൂപയാണ് അന്ന്‌ കേന്ദ്രം സമാഹരിച്ചത്. ഓഹരി വിൽപ്പനയ്ക്ക് എസ്ബിഐ ഡയറക്ടർ ബോർഡ് മേയിൽ അനുവാദം നൽകിയിരുന്നു. വിൽപ്പന പദ്ധതിക്ക് അന്തിമരൂപമായില്ലെന്നും സമാഹരിക്കാൻ ലക്ഷ്യമിടുന്ന തുകയിലും സമയത്തിലും മാറ്റമുണ്ടായേക്കാമെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പറയുന്നു. 2025–--26 സാമ്പത്തികവർഷം ഇതിലൂടെ 45,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ പദ്ധതി.

നിലവിൽ എസ്ബിഐയുടെ 57.54 ശതമാനം ഓഹരികളാണ് സർക്കാരിന്റെ കൈവശമുള്ളത്. 2017ൽ 5220 ലക്ഷം ഓഹരികൾ വിറ്റഴിച്ച് 15,000 കോടി സമാഹരിച്ചിരുന്നു. വാർത്ത പുറത്തുവന്നതോടെ എസ്ബിഐ ഓഹരിക്ക്‌ തിരിച്ചടി നേരിട്ടു. ബിഎസ്ഇയിൽ 0.35 ശതമാനവും എൻഎസ്ഇയിൽ 0.42 ശതമാനവും വില ഇടിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home