ജെഡിയു സ്ഥാനാർഥി രൺധീർ സിങ്ങിന്റെ ഗുണ്ടകളാണ് ആക്രമിച്ചത്
print edition മാഞ്ചിയിലെ സിപിഐ എം സ്ഥാനാർഥിയെ ആക്രമിച്ചു

ബിഹാറിലെ മാഞ്ചി നിയമസഭ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥി സത്യേന്ദ്ര യാദവിന്റെ വാഹനം ജെഡിയു അക്രമികൾ തല്ലിത്തകർത്തപ്പോൾ
പട്‌ന
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ്ങിനിടെ മാഞ്ചിയിലെ സിപിഐ എം സിറ്റിങ് എംഎൽഎയും സ്ഥാനാർഥിയുമായ ഡോ. സത്യേന്ദ്ര യാദവിന്റെ വാഹനത്തിനു നേരെ എതിർസ്ഥാനാർഥിയുടെ ഗുണ്ടകളുടെ ആക്രമണം. പകൽ രണ്ടിന് ജൈത്‌പുരിലെ ബൂത്തുകൾ സന്ദർശിച്ച് മടങ്ങുന്പോൾ അക്രമികൾ കാര്‍ വളഞ്ഞ് ചില്ലും ഹെഡ്‌ലൈറ്റും അടിച്ചുതകർക്കുകയായിരുന്നു. ജെഡിയു സ്ഥാനാർഥി രൺധീർസിങ്ങിന്റെ ഗുണ്ടകളാണ് ആക്രമണം നടത്തിയത്. മുൻ എംഎൽഎയെ കൊന്നകേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുൻ എംഎൽഎയും മുൻ എംപിയുമായ പ്രഭുനാഥ്‌സിങ്ങിന്റെ മകനാണ് രൺധീർ സിങ്.
പരാജയഭീതിയിൽ ഭീരുക്കൾ ആക്രമണം അഴിച്ചുവിടുകയാണെന്ന് ഡോ. സത്യേന്ദ്രയാദവ് പ്രതികരിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചതായി സരൺ എസ്‌പി കുമാർ ആശിഷ് അറിയിച്ചു.
തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടണം: എം എ ബേബി
ഡോ. സത്യേന്ദ്ര യാദവിനെ പോളിങ് ദിവസം ആക്രമിച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തിരമായി ഇടപെട്ട് കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി ആവശ്യപ്പെട്ടു. ബലപ്രയോഗത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ജനാധിപത്യവിരുദ്ധമായ ശ്രമമാണിത്. ബിജെപി ജെഡിയു സഖ്യത്തിന്റെ പരാജയഭീതിയിൽനിന്നാണ് ഇൗ ആക്രമണമുണ്ടായത്– എം എ ബേബി സമൂഹമാധ്യമത്തിൽ കുറിച്ചു.









0 comments