ഉപഗ്രഹ ഡോക്കിങ്: ട്രയലുമായി ഐഎസ്‌ആർഒ

തിരുവനന്തപുരം: ഉപഗ്രഹ ഡോക്കിങ്ങിനുള്ള ട്രയൽ നടത്തി ഐഎസ്‌ആർഒ. സ്‌പെഡക്‌സ് ദൗത്യപേടകങ്ങൾ ഞായർ രാവിലെ ഏഴിന് മൂന്നുമീറ്റർ വരെ അടുത്തെത്തി. പിന്നീട് ദൂരേക്ക് മാറ്റി. ഉപഗ്രഹങ്ങൾ ഏറ്റവും അടുത്തെത്തിയതിന്റെ ഡാറ്റകൾ പഠിച്ചശേഷം പൂർണ ഡോക്കിങ്ങിനുള്ള തിയ്യതി നിശ്‌ചയിക്കുമെന്ന് ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു.
30ന് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ച ഇരട്ട ഉപഗ്രഹങ്ങളെ കഴിഞ്ഞദിവസം 230 മീറ്റർ അടുത്തെത്തിച്ചിരുന്നു. ഞായർ പുലർച്ചെ 105 മീറ്ററും. തുടർന്ന് 18 മീറ്ററിലേക്കും. സെക്കൻഡിൽ 10 മില്ലീമീറ്റർ വേഗത്തിലാണ് മൂന്നുമീറ്റർ അടുത്ത് ഇരു ഉപഗ്രഹങ്ങളും എത്തിയത്. ത്രസ്‌റ്ററുകൾ ജ്വലിപ്പിച്ച് വേഗത ക്രമീകരിച്ചാണ് ഇത് സാധ്യമാക്കുന്നത്.
സങ്കീർണമായ സാങ്കേതിക വിദ്യയായതിനാൽ പാളിച്ചയുണ്ടാകാതിരിക്കാനാണ് ട്രയൽ നടത്തിയത്. ഉപഗ്രഹങ്ങൾ തൊട്ടടുത്തുവരെ എത്തിയതിന്റെ ഡാറ്റ ബംഗളൂരു കേന്ദ്രമായ ഇസ്‌ട്രാക്ക് പരിശോധിച്ചു തുടങ്ങി. കേന്ദ്രത്തിന്റെ ദൃശ്യപഥത്തിലെത്തുന്ന സമയത്തു മാത്രമേ കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണം നടത്തുകയുള്ളൂ. ഉപഗ്രഹങ്ങൾ ലഖ്‌നൗവിന് മുകളിലെത്തുമ്പോഴായിരിക്കുമിത്. ഒരേ പാതയിൽ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളെ സുരക്ഷിത അകലമായ 200 മീറ്ററിലേക്ക് മാറ്റും. ഇന്ധന ലാഭത്തിനുവേണ്ടിയാണിത്.
‘ആരോഗ്യനില’ തൃപ്‌തികരമാണെന്നും ഉപഗ്രഹങ്ങളിലെ എല്ലാ ഉപകരണങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ഐഎസ്‌ആർഒ അറിയിച്ചു. ഭാവിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ഭാരതീയ അന്തരീക്ഷ നിലയത്തിന്റെ നിർമാണം, ചാന്ദ്രയാൻ 4 വിക്ഷേപണം തുടങ്ങിയവയടക്കമുള്ള ഭാവി ദൗത്യങ്ങൾക്കുള്ള പരീക്ഷണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. നിലയത്തിനായുള്ള ഭാഗങ്ങൾ അഞ്ചുഘട്ടമായി ബഹിരാകാശത്ത് എത്തിച്ച് കൂട്ടിയോജിപ്പിക്കും. ചാന്ദ്രയാൻ 4 ദൗത്യത്തിൽ രണ്ടുപേടകങ്ങളെ ബഹിരാകാശത്ത് എത്തിച്ചശേഷം കൂട്ടിയോജിപ്പിക്കും.







0 comments