ജുഡീഷ്യറിക്കെതിരായ അധിക്ഷേപം ; സംഘപരിവാർ പദ്ധതി

Sanghaparivar Agenda
avatar
എം പ്രശാന്ത്‌

Published on Apr 22, 2025, 04:30 AM | 1 min read


ന്യൂഡൽഹി : നിഷികാന്ത്‌ ദുബെ അടക്കമുള്ള ബിജെപി നേതാക്കൾ ജുഡീഷ്യറിക്കെതിരായി നടത്തുന്ന കടന്നാക്രമണം മോദി സർക്കാരിലെ ഉന്നതരുടെ കൃത്യമായ നിർദേശപ്രകാരമാണെന്ന്‌ വ്യക്തം. രാജ്യത്തെ ആഭ്യന്തരയുദ്ധങ്ങൾക്കെല്ലാം ഉത്തരവാദി ചീഫ്‌ ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്നയാണെന്ന നിന്ദ്യമായ ആക്ഷേപം എംപിയായ ദുബെ നടത്തിയിട്ടും ബിജെപി നേതൃത്വം നടപടിക്ക്‌ തയ്യാറായിട്ടില്ല. ആക്ഷേപങ്ങളോട്‌ യോജിപ്പില്ലെന്ന്‌ മാത്രമാണ്‌ ബിജെപി പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്തര മന്ത്രി അമിത്‌ ഷായോ ദുബെയുടെ വിഷംചീറ്റലിനെ തള്ളിപ്പറഞ്ഞില്ല.


ജുഡീഷ്യറിയെ പൂർണനിയന്ത്രണത്തിൽ കൊണ്ടുവരാനാകാത്തതിൽ ബിജെപിക്കും സംഘപരിവാറിനും കടുത്ത അസ്വസ്ഥതയുണ്ട്‌. സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഗവർണർമാരും രാഷ്ട്രപതിയും അനിശ്ചിതമായി തടഞ്ഞുവെയ്‌ക്കുന്നത്‌ അവസാനിപ്പിച്ചുള്ള കോടതി ഉത്തരവ്‌ സംഘപരിവാറിനെയും മോദി സർക്കാരിനെയും ഞെട്ടിച്ചിരുന്നു. ഇതിന്‌ പിന്നാലെ വഖഫ്‌ നിയമഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതി നടത്തിയ ഇടപെടലും സംഘപരിവാറിനെ അമ്പരപ്പിച്ചു. ഇതോടെയാണ്‌ കോടതിയെ കടുത്ത വാക്കുകളാൽ അധിക്ഷേപിക്കാൻ ദുബെയെ പോലുള്ള നേതാക്കൾക്ക്‌ നേതൃത്വം നിർദേശം നൽകിയത്‌.


ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധൻഖർ, മന്ത്രിമാരായ അർജുൻ റാം മെഘ്‌വാൾ, കിരൺ റിജിജു തുടങ്ങിയവരും കോടതിയെ വിമർശിച്ച്‌ രംഗത്തുവന്നിരുന്നു. ദിനേശ്‌ ശർമയെപ്പോലുള്ള ചില നേതാക്കൾ ദുബെയ്‌ക്ക്‌ പിന്തുണയുമായി രംഗത്തുന്നു. സുപ്രീംകോടതിയുടെ വിശ്വാസ്യതയെ തകർക്കുകയെന്ന ലക്ഷ്യമാണ്‌ നിലവിൽ സംഘപരിവാറിനുള്ളത്‌.

ബാബറി മസ്‌ജിദ്‌ തകർത്ത കേസിലും മറ്റും പ്രകടമാക്കിയ തീവ്രഹിന്ദുത്വ ദാസ്യം സുപ്രീംകോടതി തുടരണമെന്ന താക്കീതാണ്‌ ദുബെയെ പോലുള്ള നേതാക്കളിലൂടെ നൽകുന്നത്‌.


ജഡ്‌ജിമാരെ സമ്മർദത്തിലാക്കി നിയന്ത്രണത്തിൽ കൊണ്ടുവരാനാണ്‌ ശ്രമം.

ദുബെ പേരെടുത്ത്‌ വിമർശിച്ച ചീഫ്‌ ജസ്റ്റിസ്‌ ഖന്നയ്‌ക്ക്‌ മെയ്‌ 13വരെയാണ്‌ കാലാവധി. ജസ്റ്റിസ്‌ ബി ആർ ഗവായിയാണ്‌ തുടർന്ന്‌ ചുമതലയേൽക്കുക. വിരമിക്കാൻ പോകുന്ന ചീഫ്‌ ജസ്റ്റിസിന്‌ നേരെയുള്ള അധിക്ഷേപം ചുമതലയേൽക്കാൻ പോകുന്ന ചീഫ്‌ ജസ്റ്റിസിനുള്ള മുന്നറിയിപ്പ്‌ കൂടിയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Home