സംഭൽ സംഘർഷം: മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അറസ്റ്റിൽ

സംഭൽ: ഉത്തർപ്രദേശിൽ സംഘപരിവാറുകാർ അവകാശവാദം ഉന്നയിച്ച സംഭൽ ഷാഹി ജമാ മസ്ജിദിൽ സർവേക്കിടെയുണ്ടായ സംഘർഷത്തിൽ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലിയെ പൊലീസ് അറസ്റ്റുചെയ്തു. നവംബർ 24ന് നാലുപേർ പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ട സംഘർഷവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മൂന്നംഗ ജുഡിഷ്യൽ കമീഷന് മുമ്പാകെ മൊഴി നൽകാനിരിക്കെയാണ് അറസ്റ്റ്.
ഞായർ രാവിലെ പതിനൊന്നോടെ ചോദ്യം ചെയ്യാനെന്ന പേരിൽ സഫർ അലിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആളുകൾ കൊല്ലപ്പെട്ടത് പൊലീസ് വെടിയ്പിലാണെന്ന് സഫർ അലി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ജുഡിഷ്യൽ കമീഷൻ മുമ്പാകെ മൊഴി നൽകാതിരിക്കാനാണ് സഫർ അലിയെ അറസ്റ്റുചെയ്തതെന്ന് സഹോദരൻ താഹിർ അലി ആരോപിച്ചു. ജയിലിൽ പോകാൻ തയ്യാറാണെന്നും സത്യം പറയുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായും താഹിർ അലി വെളിപ്പെടുത്തി.
മുഗൾകാലത്തെ മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് അവകാശപ്പെട്ട് സംഘപരിവാറുകാർ നൽകിയ ഹർജിയിൽ കോടതി സർവേക്ക് ഉത്തരവിടുകയായിരുന്നു. തുടർന്നാണ് സംഘർഷമുണ്ടായത്.









0 comments