ഗോട്ട് ലാറ്റന്റ് ഷോയിലെ അശ്ലീല പരാമർശം: സമയ് റെയ്ന മഹാരാഷ്ട്ര സൈബർ സെല്ലിനു മുന്നിൽ ഹാജരായി

മുംബൈ : ഗോട്ട് ലാറ്റന്റ് ഷോയിലെ അശ്ലീല പരാമർശത്തെ തുടർന്നുള്ള കേസിൽ കൊമേഡിയൻ സമയ് റെയ്ന മഹാരാഷ്ട്ര സൈബർ സെല്ലിനു മുന്നിൽ ഹാജരായി. നിരവധി തവണ സമൻസ് നൽകിയതിനു ശേഷമാണ് സമയ് സൈബർ സെല്ലിനു മുന്നിൽ ഹാജരായത്. വിവാദപരാമർശമുണ്ടായ ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയുടെ അവതാരകനാണ് സമയ് റെയ്ന.
യൂട്യൂബർ രൺവീർ അല്ലാബാദിയയാണ് പരിപാടിക്കിടെ അശ്ലീല പരാമർശം നടത്തിയത്. ‘ഇനിയുള്ള കാലം നിങ്ങൾ മാതാപിതാക്കൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ദിവസേന നോക്കി നിൽക്കുമോ അതോ അവർക്കൊപ്പം ചേർന്ന് എന്നേക്കുമായി ഇത് അവസാനിപ്പിക്കുമോ’ എന്നാണ് മത്സരാർഥിയോട് രൺവീർ ചോദിച്ചത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് രൺവീറിനെതിരെ ഉയർന്നത്. രൺവീർ അല്ലാബാദിയയുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്തിരുന്നു. രൺവീറിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലായി കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. അങ്ങേയറ്റം അശ്ലീലം നിറഞ്ഞ പരാമർശമാണ് രണവീർ നടത്തിയതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പേരിൽ എന്തും സംസാരിക്കാൻ ആർക്കും അവകാശം ഇല്ലെന്നും സുപ്രീംകോടതി രൺവീറിനെ വിമർശിച്ചിരുന്നു.
വിഷയത്തിൽ രണവീർ മാപ്പുപറഞ്ഞിരുന്നു. സമയ് റെയ്നയും സംഭവത്തിൽ മാപ്പുപറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര സൈബർ പൊലീസ്, മുംബൈ പൊലീസ്, ഗുവാഹത്തി പൊലീസ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. ഷോയിലെ പരാമർശം വിവാദമായതോടെ രൺവീറിനു പുറമേ അപൂർവ മുഖിജ, ആശിഷ് ചഞ്ച്ലാനി, സമയ് റെയ്ന എന്നിവർക്കെതിരെയും എഫ്ഐഐആർ രജിസ്റ്റർ ചെയ്തിരുന്നു. പൊതുജനങ്ങൾക്കായുള്ള യൂട്യൂബ് ഷോയ്ക്കിടെ അശ്ലീലം പ്രോത്സാഹിപ്പിക്കുകയും ലൈംഗികത പ്രകടമാക്കുന്ന ചർച്ചകൾ നടത്തുകയും ചെയ്തുവെന്ന് കാണിച്ചായിരുന്നു എഫ്ഐആർ. തുടർന്ന് മാർച്ച് 17ന് സമയ് റെയ്നയ്ക്ക് സമൻസ് നൽകിയിരുന്നു. എന്നാൽ റെയ്ന ഹാജരാകാത്തതിനെത്തുടർന്ന് 19ന് വീണ്ടും സമൻസ് നൽകി. ഇന്നലെയാണ് റെയ്ന സൈബർ സെല്ലിനുമുന്നിൽ ഹാജരായി. രൺവീർ,അപൂർവ മുഖിജ, ആശിഷ് ചഞ്ച്ലാനി എന്നിവരുടെ മൊഴികൾ നേരത്തെ രേഖപ്പെടുത്തിയിരുന്നു.









0 comments