സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: കുറ്റപത്രം സമർപ്പിച്ചു

മുംബൈ : നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 1,000 പേജുള്ള കുറ്റപത്രമാണ് മുംബൈ പൊലീസ് സമർപ്പിച്ചത്. ബിഎൻഎസിലെ വിവിധ വകുപ്പുകളും പാസ്പോർട് ആക്ട് പ്രകാരവുമുള്ള കേസുമാണ് പ്രതിയെന്ന് കരുതുന്ന ഷെരീഫുൾ ഇസ്ലാമിനെതിരെ ചുമത്തിയിരിക്കുന്നത്. മോഷണത്തിനായി ഷെരീഫുൾ നടന്റെ വസതിയിലെത്തിയെന്നും എന്നാൽ പിടിക്കപ്പെട്ടപ്പോൾ നടനെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നുമാണ് കുറ്റപത്രത്തിലുള്ളത്. കത്തി കൊണ്ട് ആക്രമിച്ചെന്നും നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ചെന്നും കുറ്റപത്രത്തിലുണ്ട്.
2025 ജനുവരി 16നാണ് സെയ്‌ഫ് അലി ഖാന് മുംബൈ ബാന്ദ്രയിലെ വീട്ടിൽ വച്ച് കുത്തേറ്റത്. പുലർച്ചെ 2.30ഓടെ നടന്റെ ബാന്ദ്ര വെസ്റ്റ് വീട്ടിലെത്തിയ അക്രമി അദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ നടനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. സെയ്‌ഫ് അലി ഖാനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ആറ് മുറിവുകളാണ് സെയ്‌ഫ് അലി ഖാന്റ ദേഹത്തുണ്ടായതെന്നും രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണെന്നും ആശുപത്രി സിഒഒ ഡോ. നിരജ് ഉത്തമനി പറഞ്ഞിരുന്നു. ആഴത്തിലുള്ള മുറിവുകളിലൊന്ന് നട്ടെല്ലിന്റെ ഭാഗത്തായിരുന്നു. ഇവിടെ നിന്ന് ആക്രമിക്കാനുപയോഗിച്ച കത്തിയുടെ ഒരു ഭാഗം ലഭിക്കുകയും ചെയ്തു. കത്തിയുടെ ഭാഗങ്ങൾ പിന്നീട് തെളിവെടുപ്പിനിടയിലും കണ്ടെത്തിയിരുന്നു.
സംഭവത്തിൽ ബംഗ്ലാദേശ് സ്വദേശിയായ ഷെരീഫുൾ ഇസ്ലാമിനെ കുറച്ച് ദിവസത്തിനു ശേഷം പൊലീസ് പിടികൂടിയിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന പ്രതിയുമായി ഇയാൾക്ക് സാമ്യമില്ലെന്നു പറഞ്ഞ് വിവാദം ഉയർന്നിരുന്നു. നടന്റെ വീട്ടിൽ നിന്നും ലഭിച്ച വിരലടയാളങ്ങൾ പൊലീസ് കസ്റ്റഡിയിലുള്ള ഷെരീഫുൾ ഇസ്ലാമിന്റേതല്ലെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു.









0 comments