സി സദാനന്ദനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്‌ത നടപടി നിയമപരമായി ചോദ്യംചെയ്യപ്പെടും
ആർഎസ്‌എസ് നേതാവിന്റെ രാജ്യസഭാംഗത്വം കോടതികയറും

ന്യൂഡൽഹി
‘സാമൂഹ്യസേവന’ മേഖലയില്‍ ആർഎസ്‌എസ് നേതാവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി സദാനന്ദനെ രാജ്യസഭയിലേക്ക് നാമനിർദേശംചെയ്‌ത നടപടി നിയമപരമായി ചോദ്യംചെയ്യപ്പെടും.
ഭരണഘടനയുടെ നാലാംഷെഡ്യൂളിലെ 80–-ാം അനുച്ഛേദം നൽകുന്ന അധികാരം ഉപയോഗിച്ചാണ് രാഷ്‌ട്രപതി രാജ്യസഭയിലേക്ക് വിശിഷ്‌ട വ്യക്തികളെ നാമനിർദേശം ചെയ്യുന്നത്. സാഹിത്യം, ശാസ്‌ത്രം, കല, സാമൂഹ്യസേവനം–-തുടങ്ങിയ മേഖലകളിൽ പ്രത്യേകജ്ഞാനവും പ്രായോഗിക പരിജ്ഞാനവുമുള്ള വ്യക്തിത്വങ്ങളെയാണ് രാഷ്‌ട്രപതിക്ക് നാമനിർദേശം ചെയ്യാനാകുക. ക്രിമിനല്‍കേസില്‍ പ്രതിയായിരുന്ന സദാനന്ദന് സാമൂഹ്യസേവന മേഖലയിൽനിന്ന് നാമനിർദേശം ചെയ്യപ്പെടാൻ മാത്രമുള്ള ‘പ്രത്യേക ജ്ഞാനവും പ്രായോഗികാനുഭവവങ്ങളും’ ഉണ്ടോയെന്ന ചോദ്യമാണുയരുന്നത്. ആർഎസ്‌എസ് അനുഭാവസംഘടനകളുടെ ഭാഗമായി ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് അവകാശവാദം. ‘വിശിഷ്‌ട വ്യക്തിത്വം’ എന്ന നിലയിൽ പാർലമെന്റിന്റെ ഉപരിസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടാൻ ഈ യോഗ്യത മതിയാകില്ലെന്നാണ് നിരീക്ഷണം.
സച്ചിൻ ടെണ്ടുൽക്കറെ 2012ൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്‌തത് ചോദ്യംചെയ്‌ത് ഡൽഹി ഹൈക്കോടതിയിൽ ഹർജി വന്നിരുന്നു. ഭരണഘടനയുടെ 80–-ാം അനുച്ഛേദത്തിൽ പറഞ്ഞ മേഖലകൾക്ക് പുറത്തുനിന്ന് നാമനിർദേശമാകാമോയെന്ന നിയമപ്രശ്‌നമാണ് അന്ന് ഉന്നയിക്കപ്പെട്ടത്.
ഭരണകക്ഷിക്ക് വേണ്ടപ്പെട്ടയാളെ രാജ്യസഭയിലെത്തിക്കാൻ ഏതെങ്കിലും സംസ്ഥാനത്തുനിന്ന് മത്സരിപ്പിച്ചാൽ പോരേയെന്ന ചോദ്യവും ഉയരുന്നു. രാഷ്‌ട്രപതിഭവന്റെ അന്തസ്സ് കെടുത്തുവിധം ‘വിശിഷ്‌ടവ്യക്തി’യെന്ന മേലങ്കി അണിയിച്ച് രാജ്യസഭയിലേക്ക് തിരുകിക്കയറ്റുന്നത് പാർലമെന്ററിനെ പരിഹസിക്കലാണെന്ന വിമർശം ശക്തമായി.









0 comments