മോദിയുടെ വിദേശ യാത്രകൾ; രണ്ടര വർഷത്തേക്ക് മാത്രം258 കോടി

photo credit: facebook
ന്യൂഡൽഹി: 2022 മെയ് മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്ക് മാത്രമായി ചെലവായത് 258 കോടി രൂപ. 38 വിദേശ യാത്രകളാണ് രണ്ടുവർഷക്കാലയളവിൽ മോദി നടത്തിയത്. 2023 ജൂണിൽ മോദി നടത്തിയ അമേരിക്കൻ യാത്രയ്ക്കാണ് ഏറ്റവും കൂടുതൽ പണം ചെലവായത്. 22 കോടിയിലധികം രൂപവരും ഈ യാത്രയുടെ മാത്രം ചെലവ്.
വ്യാഴാഴ്ച രാജ്യസഭയിൽ മല്ലികാർജുന ഖാർഗെയുടെ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശ യാത്രകൾക്കുള്ള ക്രമീകരണങ്ങൾക്കായി ഇന്ത്യൻ എംബസികൾ ചെലവഴിച്ച ആകെ തുക, ഹോട്ടൽ, ഗതാഗതം, മറ്റ് ചെലവുകൾ എന്നിവയുടെ വിവരങ്ങളാണ് ചോദ്യത്തിൽ ആവശ്യപ്പെട്ടത്.
2022 മെയ് മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ വിദേശ രാജ്യങ്ങളിലേക്ക് നടത്തിയ സന്ദർശനങ്ങളുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. 2023 ജൂണിൽ യുഎസ് യാത്രയ്ക്ക് 22.89 കോടി രൂപയും, 2024 സെപ്റ്റംബറിൽ യുഎസ് സന്ദർശനത്തിന് 15.33 കോടി രൂപയും ചെലവായി. 2023 മെയ് മാസത്തിൽ പ്രധാനമന്ത്രി ജപ്പാൻ സന്ദർശിച്ചപ്പോൾ 17.19 കോടിയും 2022 മെയ് മാസത്തിൽ നേപ്പാൾ സന്ദർശനത്തിന് 80ലക്ഷം രൂപയും ചെലവായി.
2022 നും 2024 നും ഇടയിൽ മോദി സന്ദർശിച്ച വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ജർമനി, കുവൈറ്റ്, ഡെൻമാർക്ക്, ഫ്രാൻസ്, യുഎഇ, ഉസ്ബെക്കിസ്ഥാൻ, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ്, പോളണ്ട്, ഉക്രെയ്ൻ, റഷ്യ, ഇറ്റലി, ബ്രസീൽ, ഗയാന എന്നിവ ഉൾപ്പെടുന്നു.
മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രയിൽ ചെലവായ തുക
● പോളണ്ട്: 10,10,18,686 രൂപ
● ഉക്രെയ്ൻ: 2,52,01,169 രൂപ
● റഷ്യ: 5,34,71,726 രൂപ
● ഇറ്റലി: 14,36,55,289 രൂപ
● ബ്രസീൽ: 5,51,86,592 രൂപ
● ഗയാന: 5,45,91,495 രൂപ









0 comments