നാഷണൽ ഹെറാൾഡ് കേസിൽ സോണിയയെയും രാഹുലിനെയും സംരക്ഷിക്കാനുള്ള നീക്കങ്ങൾക്കിടെ വധ്രയെ പ്രതിരോധിക്കുന്നത് തിരിച്ചടിയാകുമെന്ന് ആശങ്ക
വധ്രയുടെ കേസിൽ കോൺഗ്രസിന് മൗനം


എം അഖിൽ
Published on Apr 21, 2025, 04:00 AM | 1 min read
ന്യൂഡൽഹി : നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രതിരോധിക്കാൻ കച്ചകെട്ടിയ കോൺഗ്രസ് റോബർട്ട് വധ്ര കേസിൽ മൗനത്തിൽ. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായ വധ്രയ്‌ക്കെതിരായ ഹരിയാനയിലെ ഭൂമി ഇടപാട് കേസ് ഊരാക്കുടുക്കായിരിക്കുകയാണ്. ഇഡി തുടർച്ചയായി മൂന്നുദിവസം മണിക്കൂറുകളോളം വധ്രയെ ചോദ്യംചെയ്തു.
രാഷ്ട്രീയവേട്ടയാണെന്ന് വധ്ര ആവർത്തിച്ച് അവകാശപ്പെട്ടിട്ടും കോൺഗ്രസ് നേതൃത്വം മിണ്ടിയിട്ടില്ല. വധ്രയെ ബിജെപി വേട്ടയാടുകയാണെന്ന് ആരോപിച്ചാൽ അത് നാഷണൽ ഹെറാൾഡ് കേസിലെ രാഷ്ട്രീയപ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നേതൃത്വം ഭയക്കുന്നു. ചോദ്യംചെയ്യലിന് ഹാജരായ വധ്രയെ അനുഗമിച്ചെങ്കിലും ‘രാഷ്ട്രീയവേട്ട’ എന്ന നിലയിൽ പ്രിയങ്കയിൽനിന്ന് പ്രതികരണമുണ്ടായില്ല. ഇരുകേസുകളും ഉപയോഗിച്ച് കോൺഗ്രസിനെ കടന്നാക്രമിക്കുകയാണ് ബിജെപി.
നാഷണൽ ഹെറാൾഡ് കേസിനെ എങ്ങനെയൊക്കെ പ്രതിരോധിക്കാമെന്ന് കോൺഗ്രസ് നേതൃത്വം തലപുകയ്‌ക്കുകയാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ജനറൽ സെക്രട്ടറിമാരുടെയും അനുബന്ധ സംഘടനാഭാരവാഹികളുടെയും പ്രത്യേക യോഗം വിളിച്ചുചേർത്തു. വധ്രയെ പ്രതിരോധിക്കേണ്ടതില്ലെന്നത് ആലോചിച്ചെടുത്ത തീരുമാനമാണെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ഒരോ തവണയും വധ്രയെ ചോദ്യംചെയ്യാൻ വിളിച്ച് അത് വലിയ വാർത്തയും ചർച്ചയുമാക്കുകയാണ് ബിജെപിയുടെ അജണ്ട. ഈ നീക്കത്തെ ചോദ്യംചെയ്യുന്നത് ഗുണത്തേക്കാൾ ദോഷമാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
കോൺഗ്രസിൽ സജീവമാകാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വധ്രയ്‌ക്ക് വലിയ ആഗ്രഹമുണ്ട്. അമേഠിയിൽ മത്സരിക്കാനുള്ള ആഗ്രഹം അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചതുമാണ്. ഇക്കാര്യത്തിലും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിരുന്നില്ല.









0 comments