രാജസ്ഥാനിൽ വാഹനാപകടം
ട്രക്കുമായി കൂട്ടിയിടിച്ച് കാറിനു തീപിടിച്ചു: നാല് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം, ഒരാൾ ഗുരുതരാവസ്ഥയിൽ

video screenshot
ജയ്പൂർ : രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ നാല് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. ഒരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ബുധൻ രാത്രി സദാ വില്ലേജിനു സമീപം ദേശീയപാതയിലായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച എസ്‍യുവി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാറിന് തീപിടിച്ചു. ഗുഡ്മലാനി തെഹ്സിലിലെ ദബ്ഡ സ്വദേശികളാണ് മരിച്ചത്. സിന്ധാരിയിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുഹൃത്തുക്കൾ.
മോഹൻ സിങ്ങ് (35) ശംഭു സിങ്ങ് (20), പഞ്ച റാം (22), പ്രകാശ് (28) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. നാലു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വാഹനമോടിച്ചിരുന്ന ദിലീപ് സിങ്ങ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.
മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണെന്നും ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ തിരിച്ചറിയാൻ കഴിയൂ എന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (സിവാന) നീരജ് ശർമ്മ പറഞ്ഞു. സ്ഥിരീകരണത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറും. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. ഒരു മണിക്കൂറിനുശേഷം ഗതാഗതം പുനസ്ഥാപിച്ചു.









0 comments