print edition അദാനിയുടെ സ്വകാര്യ താപനിലയം; 'ബിഹാറിന് 62,000 കോടി രൂപയുടെ നഷ്ടം'

'ന്യൂഡൽഹി
: ബിഹാറിലെ ഭാഗല്‍പുരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍മാണോദ്ഘാടനം നടത്തിയ ഗൗതംഅദാനിയുടെ വിവാദ സ്വകാര്യ താപനിലയ പദ്ധതിക്കെതിരെ മുൻ കേന്ദ്ര ഊര്‍ജമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ആര്‍ കെ സിങ്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു,ബിജെപി സര്‍ക്കാര്‍ അദാനി പവറിന്റെ പദ്ധതി അംഗീകരിച്ചതിലൂടെ സംസ്ഥാനത്തിന് 62,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ആര്‍ കെ സിങ് ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.
"ഞാൻ കേന്ദ്ര ഊര്‍ജമന്ത്രിയായിരിക്കെ 2400 മെഗാവാട്ടിന്റെ ഈ പദ്ധതിക്ക് ഒരു മെഗാവാട്ടിന് 10 കോടി രൂപയെന്ന നിരക്കിൽ ഏകദേശം 24,900 കോടി രൂപയാണ് വിദഗ്ധര്‍ മൂലധനച്ചെലവ് കണക്കാക്കിയത്. എന്നാൽ, സംസ്ഥാനത്തെ എൻഡിഎ സര്‍ക്കാര്‍ ഒരു മെഗാവാട്ടിന് 15 കോടി രൂപ നിരക്കിലാണ് പദ്ധതി ഇപ്പോള്‍ അംഗീകരിച്ചത്. വൈദ്യുതിക്ക് യൂണിറ്റിന് നൽകേണ്ടത് 2.75 രൂപയായിരുന്നു. 4.16 രൂപ നൽകാമെന്നാണ് ഇപ്പോള്‍ അംഗീകരിച്ചത്. കൂടുതലായി നൽകുന്ന തുകയിലൂടെ വര്‍ഷം 2500 കോടിയുടെ അധിക ചെലവുണ്ടാക്കും. 25 വര്‍ഷത്തേക്ക് 62000 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാകുക.
വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പ്രതികരണമുണ്ടായില്ല. ഇക്കാര്യം തുറന്നുപറഞ്ഞതിന്റെ പേരിൽ ബിജെപിയിൽ നിന്ന് തന്നെ പുറത്താക്കിയേക്കാം' ആര്‍ കെ സിങ് പറഞ്ഞു.
താപനിലയത്തിനായി ഏക്കറിന് ഒരു രൂപ നിരക്കിൽ 1,020 ഏക്കര്‍ ഭൂമി 25 വര്‍ഷത്തേക്കാണ് സംസ്ഥാനം കൈമാറിയത്. പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം സെപ്തംബര്‍ 15നാണ് മോദി നിർവഹിച്ചത്.
മുൻ കേന്ദ്രആഭ്യന്തരസെക്രട്ടറിയായ ആര്‍ കെ സിങ് മോദി സര്‍ക്കാരിൽ 2017 മുതൽ 2024 വരെയാണ് ഊര്‍ജമന്ത്രിയുടെ ചുമതല വഹിച്ചത്.









0 comments