ഘടകകക്ഷികൾക്ക്‌ കൂടുതൽ സീറ്റെന്ന് ആർജെഡി

 bihar election
വെബ് ഡെസ്ക്

Published on Oct 08, 2025, 03:01 AM | 1 min read


ന്യൂഡൽഹി

​ബിഹാറിൽ മഹാസഖ്യത്തിന്റെ സീറ്റ്‌ വിഭജന ചർച്ച അന്തിമഘട്ടത്തിലേക്ക്‌. 2020ൽ 144 സീറ്റിൽ മത്സരിച്ച ആർജെഡി ഇക്കുറി 130 സീറ്റ്‌ മതിയെന്ന്‌ സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. സമാനമായ വിട്ടുവീഴ്‌ചയ്ക്ക്‌ കോൺഗ്രസും തയ്യാറാകണമെന്നും ആവശ്യമുയരുന്നു. കഴിഞ്ഞതവണ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ജയിച്ചത് 19 സീറ്റില്‍ മാത്രം. 2020ൽ 75 സീറ്റുമായി ആർജെഡി വലിയ ഒറ്റക്കക്ഷിയായെങ്കിലും കോൺഗ്രസിന്റെ മോശം പ്രകടനം മഹാസഖ്യത്തെ അധികാരത്തിൽനിന്ന്‌ അകറ്റി. ഇത്തവണ കോൺഗ്രസ്‌ 50 സീറ്റിൽ മത്സരിച്ചാൽ മതിയെന്നാണ്‌ സഖ്യത്തിലെ പൊതുധാരണ. കോൺഗ്രസ്‌ അനുകൂലമായി പ്രതികരിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും മഹാസഖ്യവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.


കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവച്ച ഇടതുപക്ഷത്തിന്‌ 35 സീറ്റുവരെ നൽകാമെന്ന് ചർച്ച നടക്കുന്നു. എൻഡിഎയിൽനിന്ന്‌ മഹാസഖ്യത്തിലേക്ക്‌ എത്തിയ മുകേഷ്‌ സാഹ്‌നിയുടെ വികാസ്‌ശീൽ ഇൻസാൻ പാർടിക്ക്‌ 20 സീറ്റുവരെ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. പുതുതായി സഖ്യത്തിന്റെ ഭാഗമായ ജാർഖണ്ഡ്‌ മുക്തിമോർച്ചയ്‌ക്ക്‌ ആറും എൽജെപി–പരസ്‌ വിഭാഗത്തിന്‌ രണ്ടും സീറ്റ്‌ ലഭിച്ചേക്കും.


ഘടകകക്ഷികൾക്ക്‌ കൂടുതൽ സീറ്റ്‌ നൽകി സഖ്യത്തെ ശക്തിപ്പെടുത്താനുള്ള ആർജെഡി നീക്കത്തോടുള്ള കോൺഗ്രസ്‌ ദേശീയ നേതൃത്വത്തിന്റെ നിലപാട്‌ നിർണായകമാകും.



deshabhimani section

Related News

View More
0 comments
Sort by

Home