print edition 143 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആർജെഡി

bihar election
avatar
സ്വന്തം ലേഖകൻ

Published on Oct 21, 2025, 12:41 AM | 2 min read

ന്യൂഡൽഹി ​: ബിഹാറിൽ മഹാസഖ്യത്തിൽ സീറ്റ്‌ വിഭജനത്തിൽ ധാരണ ഉണ്ടാകാത്ത സാഹചര്യത്തിൽ പ്രധാനകക്ഷിയായ ആർജെഡി 143 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടു. രണ്ടാംഘട്ടത്തിലേക്കുള്ള പത്രിക സമർപ്പിക്കേണ്ട സമയം അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കെയാണ്‌ പട്ടിക പുറത്തുവിട്ടത്‌. മുസ്ലിം, യാദവ വിഭാഗങ്ങൾക്ക്‌ മികച്ച പരിഗണന നൽകിയിട്ടുണ്ട്‌. 23 വനിതകൾ. ഒന്നാംഘട്ടത്തിലെ രാഘോപുരിലാണ്‌ ആർജെഡി ചെയർമാനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്‌ മത്സരിക്കുന്നത്‌.


പ്രമുഖ നേതാക്കളായ ചന്ദ്രശേഖർ മധേപുരയിലും വീണാദേവി മൊകാമയിലും ഉദയ്‌നാരായൺ ച‍ൗധരി സിക്കന്ദ്രയിലും മത്സരിക്കും. ലാലുപ്രസാദ്‌ യാദവിന്റെ മൂത്തമകന്‍ തേജ്‌പ്രതാപ്‌ യാദവ് ആർജെഡിയിൽനിന്ന്‌ പുറത്തായെങ്കിലും സ്വന്തം നിലയ്‌ക്ക്‌ മത്സരരംഗത്തുണ്ട്. മഹുവയിൽ ആർജെഡിയുടെ മുകേഷ്‌ റ‍ൗഷാന്‍ തേജ്പ്രതാപിനെതിരെ മത്സരിക്കും. നിരവധി സിറ്റിങ് എംഎൽഎമാർക്കും ലാലുവിന്റെ പ്രധാന അനുയായികൾക്കും സീറ്റ്‌ നൽകി. സിപിഐ എംഎൽ 20 സീറ്റിലേക്കും വികാസ്‌ ശീൽ ഇൻസാൻ പാർടി 11 സീറ്റിലേക്കും സിപിഐ ആറ്‌ സീറ്റിലേക്കും സിപിഐ എം നാല്‌ സീറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ​


ഐക്യത്തിന്‌ 
വെല്ലുവിളി 
കോണ്‍ഗ്രസ്


അറുപത്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ച കോൺഗ്രസ്‌ പലയിടത്തും ആർജെഡിയുമായി ഏറ്റുമുട്ടുന്നത്‌ മഹാസഖ്യത്തിന്റെ ഐക്യത്തിന്‌ വെല്ലുവിളിയായി. നർകാട്ടിയഗഞ്ജ്‌, കഹൽഗാവ്‌, സിക്കന്ദ്ര മണ്ഡലങ്ങളിൽ ആർജെഡിക്കെതിരെ കോൺഗ്രസ്‌ സ്ഥാനാർഥികളുണ്ട്‌. സിപിഐ മത്സരിക്കുന്ന ബച്ച്‌വാഡ, റോസരാ, രാജാപാകർ, ബിഹാർ ഷരിഫ്‌ എന്നിവിടങ്ങളിലും കോൺഗ്രസ്‌ മത്സരിക്കുന്നുണ്ട്‌. വൈശാലി, വാരിസലിഗഞ്ജ്‌, ലാൽഗഞ്ജ്‌ എന്നിവിടങ്ങളിൽ കോൺഗ്രസിനെതിരെ ആർജെഡിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പൊതുശത്രുവിനെ നേരിടാൻ പരസ്‌പരം വിട്ടുവീഴ്‌ച്ചചെയ്‌ത്‌ ഒറ്റക്കെട്ടായി പോരാടുകയെന്ന മുന്നണി മര്യാദ കോൺഗ്രസും ആർജെഡിയും വിസ്‌മരിച്ചത്‌ മഹാസഖ്യത്തെ ബാധിച്ചേക്കും.


ബിഹാറിൽ മത്സരിക്കുന്നില്ലെന്ന്‌ ജെഎംഎം


ന്യൂഡൽഹി ​: ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ജാർഖണ്ഡ്‌ മുക്തിമോർച്ച (ജെഎംഎം). മഹാസഖ്യത്തിൽ സീറ്റുവിഭജനം അനിശ്ചിതത്വത്തിലായതോടെ ആറ്‌ സീറ്റിൽ ഒറ്റയ്‌ക്ക്‌ മത്സരിക്കുമെന്ന്‌ ജെഎംഎം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ്‌, ഇക്കുറി ബിഹാറിൽ മത്സരിക്കുന്നില്ലെന്ന്‌ മുതിർന്ന നേതാവ്‌ സുദിവ്യകുമാർ അറിയിച്ചത്‌. ആർജെഡിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശവും അദ്ദേഹം ഉന്നയിച്ചു. ആർജെഡിയും കോൺഗ്രസും ഗൂഢാലോചന നടത്തി ജെഎംഎമ്മിന്‌ അർഹിച്ച സീറ്റുകൾ നിഷേധിച്ചു. സഖ്യത്തിൽ തുടരണോയെന്ന്‌ തീരുമാനിക്കും.

ജെഎംഎമ്മിനെ അവഗണിച്ചവർക്ക്‌ ചുട്ടമറുപടി നൽകും –സുദിവ്യകുമാർ പറഞ്ഞു. ഒറ്റയ്‌ക്ക്‌ മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും രണ്ടാംഘട്ടത്തിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിവസവും ജെഎംഎം ഒറ്റ സീറ്റിൽപോലും പത്രിക നൽകിയില്ല. ബിജെപി ഉൾപ്പടെയുള്ള പാർടികൾ ഇതുചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ്‌ മത്സരിക്കുന്നില്ലെന്ന പ്രഖ്യാപനം.



Tags
deshabhimani section

Related News

View More
0 comments
Sort by

Home