മഹാസഖ്യത്തിന്റെ സീറ്റ് വിഭജനചർച്ച ; വിട്ടുവീഴ്‌ച വേണം : ആർജെഡി

ന്യൂഡൽഹി
ബിഹാറിൽ മഹാസഖ്യം വിപുലപ്പെടുത്താൻ പ്രധാനകക്ഷികൾ കാര്യമായി വിട്ടുവീഴ്‌ച ചെയ്യണമെന്ന് സീറ്റ് വിഭജനചർച്ചയിൽ ആർജെഡി. സഖ്യകക്ഷികൾക്ക് കൂടുതൽ സീറ്റുകൾ നൽകണമെന്നും ആവശ്യപ്പെട്ടു.
ആർജെഡിയുടെ നിർദേശത്തിന് കോൺഗ്രസ് വഴങ്ങിയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്‌തു. ഇരുപാർടികളും 12 സീറ്റെങ്കിലും വിട്ടുനൽകണമെന്നാണ് നിർദേശം. 2020ൽ 144 സീറ്റിൽ മത്സരിച്ചെങ്കിൽ ഇക്കുറി അത് 130 സീറ്റായി കുറയ്‌ക്കാൻ ആലോചിക്കുന്നതായും ആർജെഡി നേതൃത്വം അറിയിച്ചു. ഇതോടെ, കഴിഞ്ഞ തവണത്തെ പോലെ 71 സീറ്റുതന്നെ വേണമെന്ന പിടിവാശി ഉപേക്ഷിക്കാൻ കോൺഗ്രസ് നിർബന്ധിതരായി. 58 സീറ്റുകൊണ്ട് തൃപ്‌തിപ്പെടാമെന്ന് കോൺഗ്രസ് സമ്മതിച്ചതായാണ് സൂചന. ഇടതുപക്ഷത്തിന് 30 സീറ്റുകൾ ലഭിച്ചേക്കും.
മഹാസഖ്യത്തിന്റെ ഭാഗമായി ഇക്കുറി മൂന്ന് പാർടികൾകൂടി മത്സരിക്കുന്നുണ്ട്.
മുകേഷ് സാഹ്നിയുടെ വികാസ്‌ശീൽ ഇൻസാൻ പാർടി, ജാർഖണ്ഡ് മുക്തിമോർച്ച, പശുപതിനാഥ് പരസിന്റെ ലോക്‌ജനശക്തി പാർടി എന്നിവ.
വികാസ്‌ശീൽ ഇൻസാൻ പാർടിക്ക് 14 സീറ്റും ജെഎംഎമ്മിനും എൽജെപിക്കും രണ്ട് സീറ്റുകൾ വീതവും ലഭിച്ചേക്കും. അതേസമയം, ഒരോ സീറ്റിന്റെയും സാഹചര്യംകൂടി വിലയിരുത്തിയ ശേഷമേ സീറ്റ് വിഭജനത്തിൽ അന്തിമധാരണയാകൂ എന്ന് നേതാക്കൾ അറിയിച്ചു.
സീറ്റുകളുടെ എണ്ണം കുറച്ചാലും ജയസാധ്യതയുള്ള സീറ്റുകൾതന്നെ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാർ തെരഞ്ഞെടുപ്പ് ഒക്‌ടോബർ ആദ്യവാരം പ്രഖ്യാപിച്ചേക്കും.









0 comments