തമിഴ്‌നാട് മന്ത്രിസഭയിൽ അഴിച്ചുപണി; സെന്തിൽ ബാലാജിയും കെ പൊന്മുടിയും രാജിവച്ചു

ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭയിൽ അഴിച്ചുപണി. രണ്ട് മന്ത്രിമാര്‍ രാജി വച്ചു. വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനംവകുപ്പ് മന്ത്രി കെ പൊന്മുടിയുമാണ് രാജി വച്ചത്. അഴിമതിക്കേസിൽ സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് സെന്തില്‍ ബാലാജി രാജിവച്ചത്. ലൈംഗിക തൊഴിലാളികളെയും ഹൈന്ദവ ദൈവങ്ങളെയും അപമാനിച്ച കേസിൽ ഹൈക്കോടതി കേസെടുത്തതിനെ തുടർന്നാണ് കെ പൊന്മുടിയുടെ രാജി.
തമിഴ്നാട് ഗവർണർ ആർ എൻ രവിയ്‌ക്ക് ഇരുവരും രാജിക്കത്ത് കൈമാറി. ഇതേതുടർന്ന് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ മന്ത്രിസഭ പുനസംഘടിപ്പിച്ചു. സെന്തിൽ കൈകാര്യം ചെയ്‌തിരുന്ന വൈദ്യുതി വകുപ്പ് ഗതാഗതമന്ത്രി എസ്‌എസ് ശിവശങ്കറിനും എക്‌സൈസ് വകുപ്പ് ഭവന മന്ത്രി എസ് മുത്തുസ്വാമിക്കും നൽകി. പാൽ, ക്ഷീര വികസന വകുപ്പ് മന്ത്രി ആർ എസ് രാജകണ്ണപ്പൻ ഇനി വനം, ഖാദി വകുപ്പുകളുടെയും മേൽനോട്ടം വഹിക്കും.
പത്മനാഭപുരം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ടി മനോ തങ്കരാജിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി ശുപാർശ ചെയ്തു. മുൻ പാൽ, ക്ഷീര വികസന മന്ത്രിയായിരുന്നു മനോ.







0 comments