രേണുകസ്വാമി കൊലക്കേസ്: നടൻ ദർശന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

darshan sc
വെബ് ഡെസ്ക്

Published on Aug 14, 2025, 12:04 PM | 2 min read

ന്യൂഡൽഹി : രേണുകസ്വാമി വധക്കേസിൽ നടൻ ദർശന് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. കേസിലെ മറ്റ് പ്രതികൾക്കൊപ്പം നടനും ജാമ്യം അനുവദിച്ചുകൊണ്ട് 2024 ഡിസംബർ 13 ന് കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ കർണാടക സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റ് പ്രതികളായ നാഗരാജു ആർ, അനു കുമാർ, ലക്ഷ്മൺ എം, പവിത്ര ഗൗഡ, ജഗദീഷ്, പ്രദൂഷ് എസ് റാവു എന്നീ ആറ് പേരുടെ ജാമ്യവും കോടതി റദ്ദാക്കി.


ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിൽ ഗുരുതരമായ പോരായ്മകളുണ്ടെന്ന് വ്യക്തമാണെന്നും പ്രതികളെ കുറ്റവിമുക്തരാക്കുന്നതിന് തുല്യമാണ് ജാമ്യം നൽകിയതെന്നും കോടതി പറഞ്ഞു. ഫോറൻസിക് തെളിവുകളടക്കമുള്ളവ ജാമ്യം റദ്ദാക്കുന്നതിനുള്ള ശക്തമായ കാരണങ്ങളാണെന്നു നിരീക്ഷിച്ചാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.


നടി പവിത്ര ​ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതായി ആരോപിച്ച് രേണുകസ്വാമി എന്ന ആരാധകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ദർശൻ, നടി പവിത്ര ഗൗഡ എന്നിവർക്കെതിരെയുള്ള കേസ്. ഡിസംബറിലാണ് ദർശനടക്കമുള്ള 7 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബർ 30ന് ദർശന് 6 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം നൽകിയിരുന്നു. കാലിന് ശസ്ത്രക്രിയ നടത്തണമെന്നു കാണിച്ച് ദർശൻ ഹർജി നൽകിയിരുന്നു. ഇത് പരി​ഗണിച്ചാണ് കോടതി ജാമ്യം നൽകിയത്. പരപ്പന അ​ഗ്രഹാര ജയിലിലായിരുന്ന ദർശനെ പിന്നീട് ബെല്ലാരി സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. പരപ്പനയിൽ ദർശന് വിഐപി പരി​ഗണന ലഭിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന് വിവാദമായതോടെയാണ് ജയിൽ മാറ്റിയത്.


​ദർശന്റെ ആരാധകനായ ചി​ത്ര​ദു​ർ​ഗ സ്വ​ദേ​ശി രേ​ണു​കസ്വാ​മി​യെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊ​ല​പ്പെ​ടു​ത്തിയ ശേഷം കാ​മാ​ക്ഷി​പാ​ള​യി​ലെ മ​ലി​ന​ജ​ല ക​നാ​ലി​ൽ ത​ള്ളി​യെ​ന്ന കേ​സിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. ദർശന്റെ സുഹൃത്തായ നടി പവിത്ര ഗൗഡക്കെതിരെ സാമൂഹികമാധ്യമത്തിൽ അശ്ലീല കമന്റിട്ടതിനാണ് രേണുകസ്വാമിയെ നടൻ ദർശനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. നടൻ ദർശനും പവിത്ര ഗൗഡയും ഉൾപ്പെടെ ആകെ 17 പ്രതികളാണ് കൊലക്കേസിൽ അറസ്റ്റിലായത്.


ദർശന്റെ നിർദേശപ്രകാരം കൊലയാളിസംഘം രേണുകാസ്വാമിയെ ചിത്രദുർഗയിൽനിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിന് ശേഷം ബെംഗളൂരു പട്ടണഗരെയിലെ പാർക്കിങ് കേന്ദ്രത്തിലെത്തിച്ച് മർദിച്ച് കൊലപ്പെടുത്തി എന്നാണ് കണ്ടെത്തൽ. ജൂൺ ഒൻപതാം തീയതി പുലർച്ചെയാണ് രേണുകാ സ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. കൊലക്കുറ്റം ഏറ്റെടുത്ത് മൂന്നുപേർ കാമാക്ഷിപാളയ പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നടൻ ദർശനും നടി പവിത്രയ്ക്കും കൃത്യത്തിൽ പങ്കുള്ളതായി കണ്ടെത്തിയത്. പിന്നാലെ ഇരുവരെയും മൈസൂരുവിലെ ഫാംഹൗസിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.


അതിക്രൂരമായാണ് പ്രതികൾ യുവാവിനെ മർദിച്ചതെന്ന് കണ്ടെത്തിയിരുന്നു. നിരവധി തവണ ഷോക്കേൽപ്പിച്ചു. രേണുകാസ്വാമിയുടെ ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. ഒരു ചെവി കാണാനില്ലായിരുന്നു. ക്രൂരമർദനത്തിൽ ജനനേന്ദ്രിയം തകർന്നു പോയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home