print edition ഡൽഹി സ്ഫോടനം; നിരവധിപേർ 
അറസ്റ്റിൽ

DELHI BLAST CCTV.
വെബ് ഡെസ്ക്

Published on Nov 12, 2025, 03:40 PM | 3 min read

ഡൽഹി: ചെങ്കോട്ട പരിസരത്തുണ്ടായ സ്‌ഫോടനത്തെ തുടർന്ന്‌ ഡൽഹി ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ വ്യാപക പരിശോധനയും അറസ്‌റ്റും. അന്വേഷണ ഏജൻസികൾ നിരവധിപേരെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.


സ്‌ഫോടനമുണ്ടായ തിങ്കളാഴ്‌ച രാത്രി ഡൽഹിയിലെ വിവിധ മേഖലകളിൽനിന്ന്‌ നാലുപേർ അറസ്റ്റിലായി. ഉമറിന്റെ കുടുംബാംഗങ്ങളുൾപ്പെടെ ആറുപേരെ ദക്ഷിണ കശ്‌മീരിൽനിന്ന്‌ അറസ്റ്റ്‌ ചെയ്‌തു. അമീർ റഷീദ്‌ മിർ, ഉമർ റഷീദ്‌ മിർ, താരിഖ്‌ അഹമ്മദ്‌ മാലിഖ്‌ തുടങ്ങിവരാണ്‌ കശ്‌മീരിൽ നിന്ന്‌ അറസ്റ്റിലായവർ. ഉമർ സ്‌ഫോടനത്തിന്‌ ഉപയോഗിച്ച കാറിന്റെ ആദ്യ ഉടമ മുഹമ്മദ്‌ സൽമാനെയും അറസ്റ്റ്‌ ചെയ്‌തു.


ഷഹീന്‍, ജെയ്‌ഷെ 
വനിതാവിഭാഗം 
നേതാവെന്ന്‌


​ഫരീദാബാദിൽ സ്‌ഫോടന സാമഗ്രികളുടെ വൻശേഖരം പിടിച്ചെടുത്തതിന്‌ പിന്നാലെ അറസ്‌റ്റിലായ ലഖ്‌ന‍ൗ സ്വദേശിനിയായ ഡോക്ടർ ഷഹീൻ ഷഹീദ്‌ ജെയ്‌ഷെ മുഹമ്മദ്‌ ഭീകരസംഘടനയുടെ ഇന്ത്യയിലെ വനിതാ വിഭാഗത്തിന്റെ നേതാവെന്ന്‌ റിപ്പോർട്ടുകൾ. ജെയ്‌ഷെ മുഹമ്മദ്‌ സ്‌ത്രീകൾക്ക്‌ വേണ്ടി തുടങ്ങിയ ‘ജമാത്ത്‌ ഉൽ മോമിനാറ്റ്‌’ എന്ന സംഘടനയിലേക്ക്‌ ആളുകളെ റിക്രൂ‍ട്ട്‌ ചെയ്യലായിരുന്നു ഇവരുടെ ദ‍ൗത്യം. ജെയ്‌ഷെ തലവൻ മസൂദ്‌ അസ്‌ഹറിന്റെ സഹോദരിയായ സാദിയാ അസ്‌ഹറാണ്‌ ഇ‍ൗ വനിതാസംഘടനയ്‌ക്ക്‌ തുടക്കംകുറിച്ചത്‌.


കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യആസൂത്രകനെന്ന്‌ കരുതപ്പെടുന്ന യൂസഫ്‌ അസ്‌ഹറാണ്‌ സാദിയയുടെ ഭർത്താവ്‌. മേയ്‌ ഏഴിന്‌ ഓപ്പറേഷൻ സിന്ദൂർ ആക്രമണങ്ങളിൽ ഇയാൾ കൊല്ലപ്പെട്ടതായാണ്‌ റിപ്പോർട്ട്‌. ഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെയാണ്‌ സാദിയ അസ്‌ഹർ വനിതാസംഘടനയ്‌ക്ക്‌ രൂപം കൊടുത്തത്‌. ജെയ്‌ഷെ മുഹമ്മദ്‌ കമാണ്ടർമാരുടെ ഭാര്യമാരെയും സാന്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന യുവതികളെയുമാണ്‌ സംഘടനയിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌തിരുന്നത്‌.


ഡോ. ഷഹീൻ ഷഹീദിനെ അറസ്‌റ്റ്‌ ചെയ്‌തതിന്‌ പിന്നാലെ അവരുടെ കാറിൽ നിന്നും അന്വേഷണസംഘം ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. അതേസമയം, ഡോ. ഷഹീന്‌ ഭീകരബന്ധമുണ്ടെന്ന്‌ വിശ്വസിക്കാനാകുന്നില്ലെന്ന്‌ അവരുടെ കുടുംബം പ്രതികരിച്ചു.

ഡോ.ഷഹീന്റെ സഹോദരനെയും അറസ്‌റ്റ്‌ ചെയ്‌തു. അൽ ഫലാഹ്‌ മെഡിക്കൽ കോളേജിലെ ആറ് പേരെയും കസ്‌റ്റഡിയിൽ എടുത്തു.


എന്താണ്‌ അമോണിയം നൈട്രേറ്റ്‌ ഫ്യുവൽ


അമോണിയം നൈട്രേറ്റ്‌ ഫ്യുവൽ ഓയിലാണ്‌ ഡൽഹിയിൽ ആക്രമണത്തിന്‌ ഉപയോഗിച്ച സ്‌ഫോടകവസ്‌തു. മണമില്ലാത്ത വെളുത്ത ക്രിസ്‌റ്റൽ രൂപത്തിലുള്ള രാസവസ്‌തുവാണ്‌ അമ്മോണിയം നൈട്രേറ്റ്‌. രാസവളമായാണ്‌ കൂടുതലും ഉപയോഗിക്കുന്നത്‌. ശക്തിയേറിയ ഓക്‌സിഡൈസർ കൂടിയായ ഇ‍ൗ രാസവസ്‌തു സ്‌ഫേ-ാടനങ്ങൾക്കും ഉപയോഗിക്കാറുണ്ട്‌. എന്നാൽ അമ്മോണിയം നൈട്രേറ്റിന്‌ മാത്രമായി സ്‌ഫോടനം സാധ്യമല്ല. അതിനായി സ്‌ഫോടകസ്വഭാവമുള്ള മറ്റേതെങ്കിലും രാസവസ്‌തുവുമായി ചേർത്തുള്ള മിശ്രിതമാക്കണം.

ചെങ്കോട്ട ആക്രമണത്തിനായി അമോണിയം നൈട്രേറ്റിനൊപ്പം പെട്രോളിയം ഉപോൽപ്പന്നമായ ഫ്യുവൽ ഓയിലാണ്‌ ഉപയോഗിച്ചത്‌. ഖനികളിലും കെട്ടിനിർമ്മാണ മേഖലയിലുമെല്ലാം വൻസ്‌ഫോടനങ്ങൾക്ക്‌ ഉപയോഗിക്കുന്ന രാസമിശ്രിതമാണിത്‌.


അമോണിയം നൈട്രേറ്റിന്റെ ക്രിയവിക്രയത്തിന്‌ കടുത്ത നിയന്ത്രണമാണ്‌ ഇന്ത്യയിലുള്ളത്‌. 2012 ലെ അമോണിയം നൈട്രേറ്റ്‌ ചട്ടങ്ങളും സ്‌ഫോടകവസ്‌തു നിയമപ്രകാരവുമാണ്‌ നിയന്ത്രണം. അമോണിയം നൈട്രേറ്റിന്റെ ഉൽപ്പാദനം, സംഭരണം, കയറ്റിറക്കുമതി, വിൽപ്പന തുടങ്ങി എല്ലാ കാര്യങ്ങൾക്കും പെട്രോളിയം ആൻഡ്‌ എക്‌സ്‌പ്ലോസീവ്‌സ്‌ ഓർഗനൈസേഷന്റെ (പെസോ) ലൈസൻസ്‌ ആവശ്യമാണ്‌. കർശന നിബന്ധനകൾ നിലനിൽക്കെ മൂവായിരം കിലോയോളം അമോണിയം നൈട്രേറ്റ്‌ സ്‌ഫോടകവസ്‌തു ഉമറും കൂട്ടാളികളും എങ്ങനെ സംഘടിപ്പിച്ചുവെന്ന ചോദ്യം നിർണായകം.


ലാൽ ചന്ദിന്റെ മക്കൾ 
രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌


രാജ്യതലസ്ഥാനമായ ഡൽഹിയിൽ 2005 ഒക്‌ടോബറിലുണ്ടായ സ്‌ഫോടനപരമ്പരയിൽ കൊല്ലപ്പെട്ട ലാൽ ചന്ദിന്റെ മക്കൾ ചെങ്കോട്ടയിലെ ചാവേർ ബോംബാക്രമണത്തിൽനിന്ന്‌ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌. ലാൽ ചന്ദിന്റെ മക്കളായ നിർമിതും കരുണയും സഞ്ചരിച്ച കാർ സ്‌ഫോടനത്തിന്‌ തൊട്ടുമുമ്പാണ്‌ ചെങ്കോട്ടയ്‌ക്ക്‌ മുന്നിലൂടെ കടന്നുപോയത്‌. ഇവരുടെ കാർ ട്രാഫിക്‌ സിഗ്‌നൽ കടന്ന്‌ മുന്നോട്ടുപോയതിന്‌ പിന്നാലെ ചാവേർ ആക്രമണമുണ്ടായി.

സരോജിനി നഗർ മാർക്കറ്റിൽ ജ്യൂസുകട നടത്തിയിരുന്നയാളാണ്‌ ലാൽ ചന്ദ്‌. 2005 ഒക്ടോബറിൽ സരോജിനിനഗറിലും പഹാഡ്‌ഗഞ്ചിലും ഗോവിന്ദ്‌പുരിയിൽ ബസിലുമാണ്‌ സ്‌ഫോടനങ്ങളുണ്ടായത്‌.


സരോജിനി നഗറിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ പ്രഷർകുക്കർ ബോംബ്‌ ആദ്യം കണ്ടത്‌ ലാൽചന്ദും സഹായിയുമാണ്‌. ഇവർ സുരക്ഷിതസ്ഥലത്തേക്ക്‌ ബോംബ്‌ മാറ്റാൻ ശ്രമിച്ചെങ്കിലും ഉഗ്രസ്‌ഫോടനം നടക്കുകയായിരുന്നു.


പലരെയും 
തിരിച്ചറിയാനായില്ല


സ്‌ഫോടനത്തിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറിയതോടെ പലരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനുവേണ്ടി ഡിഎൻഎ പരിശോധന നടത്തും. ശാസ്‌ത്രിപാർക്കിലെ ഇ–റിക്ഷ ഡ്രൈവർ മുഹമ്മദ്‌ ജുമാൻ ഉൾപ്പടെ നിരവധിപ്പേരെ കാണാതായിട്ടുണ്ട്‌. യുപി ഷാംലി ജില്ലയിലെ ഫാഷൻ സ്‌റ്റോർ ഉടമ ന‍ൗമാൻ അൻസാരി, ഡിടിസി കണ്ടക്‌റ്റർ അശോക്‌കുമാർ, ടാക്‌സി ഡ്രൈവർ പങ്കജ്‌സാഹ്‌നി‍ തുടങ്ങിയവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ചില മൃതദേഹങ്ങൾ ബന്ധുക്കൾക്ക്‌ കൈമാറി.


തലയറ്റ ശരീരം
കണ്ടെത്തി


​തിങ്കളാഴ്‌ച വൈകിട്ട്‌ സ്‌ഫോടനമുണ്ടായ ചെങ്കോട്ട പരിസരത്തുനിന്ന്‌ ചൊവ്വാഴ്‌ച രാവിലെയും മൃതദേഹം കണ്ടെത്തി. തലയറ്റ മൃതദേഹമാണ്‌ സമീപത്തെ ക്ഷേത്രമതിലിന്‌ അടുത്തുനിന്ന്‌ ലഭിച്ചത്‌. മൃതദേഹം എൽഎൻജെപി ആശുപത്രിയിലേക്ക്‌ മാറ്റി. ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ 100 മീറ്റർ അകലെവരെ തെറിച്ചതിനാൽ യഥാർഥ മരണസംഖ്യ എത്രയെന്നതിൽ അധികൃതർക്ക്‌ വ്യക്തതയില്ല. ശരീരഭാഗങ്ങൾ പൂർണമായി കണ്ടെത്താൻ പൊലീസിനും സാധിച്ചിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Home