റസിയ സുൽത്താനും നൂർ ജഹാനും ചരിത്രത്തിന് പുറത്ത്; എൻസിഇആർടി പാഠപുസ്തകത്തിൽ വീണ്ടും വെട്ട്

ന്യൂഡൽഹി: ഡൽഹി ഭരിച്ചിരുന്ന റസിയ സുൽത്താനെയും മുഗൾ കാലഘട്ടത്തിലെ നൂർ ജഹാനെയും ചരിത്രത്തിന് പുറത്താക്കി എൻസിഇആർടി. ഈ അധ്യായന വർഷം പുറത്തിറക്കിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ നിന്നാണ് പാഠഭാഗം ഒഴിവാക്കിയത്. ഡൽഹി സുൽത്താനേറ്റിനെയും മുഗൾ രാജാക്കന്മാരെയും കുറിച്ച് ഏഴാം ക്ലാസിലാണ് വിദ്യാർഥികൾ പഠിച്ചിരുന്നത്. എന്നാൽ പുതിയ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിന് മുമ്പുള്ള ചരിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പഴയ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ 'അവർ പാസ്റ്റ്സ് - II' എന്ന പുസ്തകത്തിൽ ഡൽഹി സുൽത്താനേറ്റിനെക്കുറിച്ചും മുഗൾ രാജാക്കന്മാരെക്കുറിച്ചും രണ്ട് അധ്യായങ്ങൾ പഠിപ്പിച്ചിരുന്നു. സുൽത്താൻ ഇൽതുമിഷിന്റെ മകൾ റസിയ സുൽത്താനെക്കുറിച്ചും പാഠഭാഗത്തിലുണ്ടായിരുന്നു. ഡൽഹി ഭരണാധികാരിയായ ആദ്യ വനിത കൂടിയാണ് റസിയ സസുൽത്താൻ. പുതിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ സമാന പാഠഭാഗത്തിലെ അധ്യായത്തിലാണ് അവരുടെ പരാമർശം ഒഴിവാക്കിയത്.
ഡൽഹി സുൽത്താനേറ്റിനെ കുറിച്ചുള്ള പുതിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ രണ്ടാം അധ്യായത്തിൽ അക്കാലത്തെ ഒരു വനിതാ ഭരണാധികാരിയെ കുറിച്ചും പരാമർശിക്കുന്നില്ല. ജഹാംഗീറിന്റെ ഭാര്യ നൂർ ജെഹാനെക്കുറിച്ചുള്ള പരാമർശവും ഒഴിവാക്കി. പഴയ പാഠപുസ്തകത്തിൽ നൂർ ജെഹാന്റെ പരാമർശം ഉൾപ്പെടുത്തിയിരുന്നു.
മുഗൾ കാലഘട്ടത്തെ ക്രൂരതയുടെ കാലഘട്ടമായി വളച്ചൊടിക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് പരിഷ്‌കരിച്ച എൻസിഇആർടിയുടെ പുതിയ പാഠപുസ്‌തകം. ‘അക്‌ബർ ജനങ്ങളെ കൂട്ടത്തോടെ കൊന്നുതള്ളിയ ഭരണാധികാരി, ഔറംഗസേബ് ക്ഷേത്രങ്ങളും ഗുരുദ്വാരകളും തകർത്തു’–എന്നിങ്ങനെയാണ് എട്ടാംക്ലാസിലെ പുതിയ സാമൂഹ്യശാസ്‌ത്രം പാഠപുസ്‌തകത്തിൽ മുഗൾ കാലഘട്ടത്തെ വിശേഷപ്പിക്കുന്നത്.
ചരിത്രത്തിലെ ഇരുണ്ട കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന പാഠഭാഗത്തിൽ ‘ഭൂതകാല സംഭവങ്ങൾക്ക് ഇന്ന് ആരും ഉത്തരവാദികളെല്ല’ എന്ന കുറിപ്പും നൽകിയിട്ടുണ്ട്. മുഗൾ കാലഘട്ടത്തെക്കുറിച്ച് നേരത്തെ ഏഴാം ക്ലാസിലെ പുസ്‌തകത്തിൽ പാഠഭാഗങ്ങൾ ഉണ്ടായിരുന്നെങ്കിലും എൻസിഇആർടി ഇത് മാറ്റിയിരുന്നു.
പുതിയ സിലബസ് അനുസരിച്ച് ഡൽഹി സുൽത്താനേറ്റ്, മുഗൾ കാലഘട്ടം എന്നിവ എട്ടാം ക്ലാസ് മുതലാകും പഠിപ്പിക്കുക. ഡൽഹി സുൽത്താനേറ്റിനെ രാഷ്‌ട്രീയ അസ്ഥിരത നിറഞ്ഞ, ഗ്രാമങ്ങളും നഗരങ്ങളും കൊള്ളയടിക്കപ്പെട്ട, ക്ഷേത്രങ്ങളും പഠനകേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ട കാലഘട്ടമായാണ് വിശദീകരിക്കുന്നത്. എന്നാൽ, സ്വന്തം മതത്തെ ഉയർത്തിപ്പിടിച്ചതിനൊപ്പം മറ്റ് മതങ്ങളെ ബഹുമാനിച്ചിരുന്ന ഹിന്ദു ഭക്തനാണ് ശിവജിയെന്നാണ് പാഠഭാഗത്തിലുള്ളത്. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ചാണ് പാഠപുസ്‌തകങ്ങൾ രൂപകൽപ്പന ചെയ്‌തതെന്ന് എൻസിഇആർടി പറഞ്ഞു.









0 comments