പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ

റായ്പൂർ : ഛത്തീസ്ഗഢ് കൂട്ടബലാത്സംഗക്കേസിൽ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷയും ഒരാൾക്ക് ജീവപര്യന്തം തടവും വിധിച്ച് കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കോര്‍ബ ജില്ലയിലെ അതിവേഗ വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്. ഗോത്രവിഭാഗത്തിലെ പെൺക്കുട്ടിയെയാണ് ആറുപേരും ചേർന്ന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
പ്രതികളായ സാന്ത്രം മജ്വാര്‍ (49), അബ്ദുള്‍ ജബ്ബാര്‍ (34), അനില്‍ കുമാര്‍ സാര്‍ത്തി (24), പര്‍ദേശി റാം (39), ആനന്ദ് റാം പണിക (29) എന്നിവര്‍ക്കാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി മമത ഭോജ്വാനി വധശിക്ഷ വിധിച്ചത്. കേസിലെ പ്രതിയായ ഉമാശങ്കര്‍ യാദവിനെ (23) ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാലാണ് ഇയാളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്.
2021 ജനുവരി 29ന് പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കല്ലു കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തി കാട്ടിലുപേക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛനെയും ഒപ്പമുണ്ടായിരുന്ന നാലു വയസുള്ള കുട്ടിയേയും പ്രതികൾ കൊലപ്പെടുത്തി. പിതാവിനെയും സഹോദരിയേയും കാണാനില്ലെന്ന് കൊല്ലപ്പെട്ടയാളുടെ മകന്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.









0 comments