ചീഫ് ജസ്‌റ്റിസിനെ ഷൂ എറിയാന്‍ ശ്രമം ; കുറ്റബോധമില്ലെന്ന് അക്രമി

ന്യൂഡൽഹി
ചീഫ് ജസ്‌റ്റിസ് ബി ആർ ഗവായിക്കുനേരെ തുറന്നകോടതിയിൽ ഷൂ എറിയാൻ ശ്രമിച്ചതിൽ കുറ്റബോധമില്ലെന്നും ആരെയും ഭയമില്ലെന്നും തീവ്രഹിന്ദുത്വവാദിയായ അഭിഭാഷകൻ രാകേഷ് കിഷോർ. ഖേദം പ്രകടിപ്പിക്കുകയോ മാപ്പുപറയുകയോ ചെയ്യില്ല. ചീഫ് ജസ്‌റ്റിസ് മുസ്ലിം വിഭാഗത്തിന് അനുകൂല ഉത്തരവുകൾ നൽകുകയും സതാതന ധർമത്തെ അപമാനിക്കുകയുമാണെന്നും അക്രമി ആരോപിച്ചു. പരാതിയില്ലാത്തതിനെ തുടർന്ന് ഡൽഹി പൊലീസ് വിട്ടയച്ച അക്രമിയെ വാഴ്‌ത്തിയും ചീഫ് ജസ്‌റ്റിസിനെ ജാതീയമായി അധിക്ഷേപിച്ചും വ്യാപക പ്രചാരണം നടക്കുന്നതിനിടെയാണ് പ്രതികരണം.
യോഗി ആദിത്യനാഥിന്റെ ആരാധകനാണെന്ന് പറഞ്ഞ രാകേഷ് കിഷോർ, സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ട് നടത്തിയ ബുൾഡോസർ രാജ് ശരിയാണെന്നും അത് തടഞ്ഞ ഗവായിയുടെ ഉത്തരവ് തെറ്റാണെന്നും പറഞ്ഞു. ഖജുരാഹോയിലെ ജവാരി ക്ഷേത്രത്തിലെ വിഷ്‌ണു വിഗ്രഹം സംബന്ധിച്ച ചീഫ് ജസ്‌റ്റിസിന്റെ പരാമർശമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും വെളിപ്പെടുത്തി.
"ചീഫ് ജസ്‌റ്റിസ് ദളിതനല്ല. സനാധതന ധർമം ഉപേക്ഷിച്ച് ബുദ്ധമതത്തിൽ ചേർന്നയാളാണ്. ഹിന്ദുമതം ഉപേക്ഷിച്ചയാൾ ദളിതനാവില്ല. ലഹരി ഉപയോഗിച്ചതുകൊണ്ടല്ല ഷൂ എറിയാൻ ശ്രമിച്ചത്. കോടതിയുടെ പ്രവർത്തിയോടുള്ള പ്രതികരണമാണ്'– രാകേഷ് കിഷോർ പറഞ്ഞു. ഹിന്ദുദൈവങ്ങളെയും വിശ്വാസത്തെയും മേലിൽ അപമാനിക്കരുതെന്ന് സുപ്രീംകോടതിക്കെതിരെ സമൂഹമാധ്യമത്തിലും ഇയാൾ ഭീഷണി മുഴക്കി. കിഷോർ ആർഎസ്‌എസുകാരനാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ വെളിപ്പെടുത്തി.
ആക്രമിക്കാൻ പ്രേരിപ്പിച്ചവർക്ക് എതിരെ നടപടി വേണം; എജിക്ക് കത്ത്
ചീഫ് ജസ്‌റ്റിസ് ബി ആർ ഗവായിയെ ആക്രമിക്കാൻ പ്രേരിപ്പിച്ചതിന് തീവ്രഹിന്ദുത്വ പ്രചാരകൻ അനിരുദ്ധാചാര്യക്കെതിരെ കോടതിലയക്ഷ്യ നടപടി വേണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിക്ക് കത്ത്. ചീഫ് ജസ്‌റ്റിസിനെ വ്യക്തിപരമായ അപമാനിച്ച യുട്യൂബർ അജിത് ഭാരതിക്കെതിരെയും സമാന നടപടി ആവശ്യപ്പെട്ട് ‘മിഷൻ അംബേദ്കർ’ സ്ഥാപകൻ സൂരജ് കുമാർ ബൗദ്ധാണ് കത്ത് നൽകിയത്.
ചീഫ് ജസ്‌റ്റിസിന്റെ പേരുപറയാതെ അനിരുദ്ധാചാര്യ ദിവസങ്ങൾക്ക് മുന്പ് വീഡിയോ സന്ദേശത്തിലൂടെ വധഭീഷണി മുഴക്കിയിരുന്നു. ‘നെഞ്ച് പിളർക്കണമെങ്കിൽ എന്നെ അറിയിച്ചാൽ മതി. അയാൾ സതാനതന ധർമത്തെ അപമാനിക്കുകയാണ്. ദൈവത്തിന് രാവണനെ കൊല്ലാനാകും. നിങ്ങളുടെ മാറ് പിളർക്കണമെങ്കിൽ നരസിംഹ ഭഗവാനോട് ചോദിക്കുക. നിങ്ങളെപ്പോലുള്ള നീതികെട്ടവരെ കൊല്ലാൻ ഭഗവാൻ വരും’– എന്നായിരുന്നു കൊലവിളി.
മോശപ്പട്ട, അർഹതയില്ലാത്ത ജഡ്‌ജിയെന്നായിരുന്നു അജിത് ഭാരതിയുടെ അധിക്ഷേപം. ‘ഹിന്ദു അഭിമാനം ’ ഉയർത്തിപ്പിടിക്കാൻ ചീഫ് ജസ്‌റ്റിസിനെ ആക്രമിക്കാൻ പ്രേരിപ്പിക്കുന്ന പോഡ്‌കാസ്‌റ്റുകളും ഇയാൾ ചെയ്‌തിരുന്നു.









0 comments