ജോലി ചെയ്യാതെ ശമ്പളം; രാജസ്ഥാനിൽ സർക്കാർ ഉദ്യോഗസ്ഥന്റെ ഭാര്യ കൈക്കലാക്കിയത് 37 ലക്ഷം

ജയ്‌പൂർ: രാജസ്ഥാനിൽ സർക്കാർ ഉദ്യോഗസ്ഥൻ ഭാര്യയെ ഉപയോഗിച്ച് കോഴപ്പണം കൈപ്പറ്റി. രാജസ്ഥാൻ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിലെ ജോയിന്റ് ഡയറക്ടറായ പ്രദ്യുമൻ ദീക്ഷിത് ആണ് ഭാര്യ പൂനം ദീക്ഷിതിൻ്റെ പേരിൽ 37.54 ലക്ഷം രൂപ അനധികൃതമായി ശമ്പളമായി കൈപ്പറ്റിയത്.
ജോലി ചെയ്യാതെയാണ് രണ്ട് സ്വകാര്യ കമ്പനികളിൽ നിന്ന് ഇത്രയും തുക കൈക്കലാക്കിയത്. താൽക്കാലിക ടെൻഡറുകൾ നേടാൻ സഹായിച്ചതിൻ്റെ പ്രത്യുപകാരമായാണ് ഐടി ജോയിന്റ് ഡയറക്ടർ തൻ്റെ ഭാര്യക്ക് ശമ്പളം നൽകാൻ കമ്പനികളോട് നിർദേശിച്ചത്.
ഉദ്യോഗസ്ഥൻ വഴി സർക്കാർ ടെൻഡർ ലഭിച്ച ഓറിയോൺ പ്രോ സൊല്യൂഷൻസ്, ട്രീജെൻ സോഫ്റ്റ്‌വെയർ ലിമിറ്റഡ് എന്നീ കമ്പനികളാണ് ഉദ്യോഗസ്ഥൻ്റെ നിർദ്ദേശപ്രകാരം പൂനം ദീക്ഷിതിന് പണം നൽകിയത്. 2019 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഈ തുക അവരുടെ അഞ്ച് അക്കൗണ്ടുകളിലേക്ക് 'ശമ്പളം' എന്ന പേരിൽ ട്രാൻസ്ഫർ ചെയ്തത്.
വ്യാജ ഹാജർ റിപ്പോർട്ടുകൾ പോലും ഉദ്യോഗസ്ഥൻ തന്നെയാണ് അംഗീകരിച്ചിരുന്നത്. ഈ സ്ഥാപനങ്ങളിൽ ഒരിടത്തും പൂനം ദീക്ഷിത് ഒരു ദിവസം പോലും ജോലിക്ക് പോവുകയോ സേവനം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ആന്റി കറപ്‌ഷൻ ബ്യൂറോയുടെ (എ.സി.ബി.) പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ലഭിച്ച പരാതിയിലാണ് എസിബി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പൊതു ഖജനാവിനും സർക്കാർ സംവിധാനങ്ങൾക്കും വലിയ നഷ്ടമുണ്ടാക്കിയ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്.









0 comments