ഒഡിഷ-ജാർഖണ്ഡ് അതിർത്തിയിൽ ഐഇഡി സ്ഫോടനം; റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു

ഭുവനേശ്വർ: ഒഡിഷ-ജാർഖണ്ഡ് അതിർത്തിയിൽ ഐഇഡി സ്ഫോടനം. ഒരു റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു. റെയിൽവേയിൽ 'കീമാൻ' ആയി ജോലി ചെയ്യുന്ന ഇറ്റുവ ഓറം എന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സുന്ദർഗഡ് ജില്ലയിലാണ് സംഭവം.
ബിംലഗഡ് സെക്ഷന് കീഴിലുള്ള കരംപാടയെയും റെഞ്ച്ഡയെയും ബന്ധിപ്പിക്കുന്ന റെയിൽവേ ട്രാക്കിലാണ് സ്ഫോടനം. ട്രാക്കിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. എന്നാൽ ലൂപ്പ് ലൈൻ ആയതിനാൽ പാസഞ്ചർ ട്രെയിനിന്റെ ഗതാഗതത്തിന് തടസമുണ്ടായിട്ടില്ലെന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ വക്താവ് അറിയിച്ചു.
സ്ഫോടനത്തിൽ റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി ദുഃഖം രേഖപ്പെടുത്തി. റെയിൽവേ ജീവനക്കാരന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (സിഎംആർഎഫ്) സാമ്പത്തിക സഹായം നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) എക്‌സ് പോസ്റ്റിൽ അറിയിച്ചു. ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകളാണെന്ന് പൊലീസ് പറയുന്നു.









0 comments