print edition വോട്ടുയാത്ര കഴിഞ്ഞ് രാഹുൽ എങ്ങോട്ടുപോയി

എം പ്രശാന്ത്
Published on Nov 16, 2025, 01:12 AM | 1 min read
ന്യൂഡൽഹി: ബിഹാറിൽ കോൺഗ്രസ് ഉൾപ്പെട്ട മഹാസഖ്യം ദയനീയമായി തോറ്റതോടെ രാഷ്ട്രീയ, സംഘടന പ്രവർത്തനത്തിൽ രാഹുൽ ഗാന്ധിയുടെ ആത്മാർഥതയില്ലായ്‌മ ചർച്ചയാകുന്നു. ബിഹാറിൽ രാഹുലിന്റെ വോട്ട് അധികാർ യാത്ര വലിയ ജനശ്രദ്ധ നേടിയിരുന്നു. ആർജെഡി നേതാവ് തേജസ്വി യാദവും ഇടതുപക്ഷ നേതാക്കളും യാത്രയിൽ സജീവ പങ്കാളികളായി. മഹാസഖ്യത്തിന് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ അടിത്തറയൊരുക്കിയാണ് യാത്ര സമാപിച്ചത്. യാത്രയ്‌ക്ക് കിട്ടിയ ജനപിന്തുണ എൻഡിഎയെ പരിഭ്രാന്തിയിലാഴ്‌ത്തി. എന്നാൽ സെപ്‌തംബർ ഒന്നിന് പട്ന വിട്ട രാഹുൽ പിന്നീട് ബിഹാറിലേക്ക് തിരിഞ്ഞുനോക്കിയില്ല.
അഞ്ചുരാഷ്ട്ര സന്ദർശനത്തിനായി അദ്ദേഹം ലാറ്റിൻ അമേരിക്കയിലേക്ക് പറന്നു. ഇന്ത്യയിലേക്ക് മടങ്ങിയശേഷവും ബിഹാറിൽനിന്ന് അകലം പാലിച്ചു. ഇതിനിടെ ഡൽഹിയിൽ മധുരക്കട സന്ദർശിച്ച് ലഡ്ഡു ഉണ്ടാക്കാനും ഗുഡ്‌ഗാവിൽ പിസാ ഷോപ്പിൽ കയറി പിസ കഴിക്കാനും രാഹുൽ സമയം കണ്ടെത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് രണ്ടുമാസത്തിനുശേഷം ഒക്‌ടോബർ 29ന് മാത്രമാണ് രാഹുൽ ബിഹാറിൽ കാലുകുത്തിയത്. ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് ഒരാഴ്‌ച മാത്രമാണ് അപ്പോൾ ശേഷിച്ചത്. ഡൽഹിക്ക് മടങ്ങിയ കോൺഗ്രസ് നേതാവ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് ബിഹാറിൽ മഹാസഖ്യം തോൽക്കുമെന്ന പ്രഖ്യാപിച്ചത് പ്രവർത്തകരെ മാനസികമായി തളർത്തി.
രാഹുൽ ബിഹാറിൽനിന്ന് അകലം പാലിച്ചപ്പോൾ എൻഡിഎ ആസൂത്രിതമായി നീങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമെല്ലാം തെരഞ്ഞെടുപ്പ് റാലികളുമായി കളംനിറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷനെ പഴിച്ച് കോൺഗ്രസ്
ബിഹാറിലെ കനത്ത തോൽവി വിലയിരുത്താൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ യോഗം ചേർന്നു. മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ, അജയ് മാക്കൻ, ബിഹാറിന്റെ ചുമതലയുള്ള കൃഷ്‌ണ അല്ലാവരു തുടങ്ങിയവർ പങ്കെടുത്തു. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം രാഹുലോ ഖാർഗെയോ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. വോട്ടെടുപ്പ് അപ്പാടെ സംശയകരമാണെന്നും സുതാര്യമായിരുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു.തെരഞ്ഞെടുപ്പ് കമീഷൻ പക്ഷപാതപരമായാണ് പ്രവർത്തിച്ചത്. തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും വേണുഗോപാൽ പറഞ്ഞു.









0 comments