അജയ് റായ് മോദിയുടെ എതിർ സ്ഥാനാർത്ഥിയായിരുന്നു

രാഹുലിന്റെ 'ഹൈഡ്രജൻ ബോംബ്' മോദിയുടെ മണ്ഡലമായ വാരാണസിയെ കുറിച്ചെന്ന് അജയ് റായ്

uttar pradesh con chief
വെബ് ഡെസ്ക്

Published on Sep 03, 2025, 05:31 PM | 2 min read

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വോട്ട് കവര്‍ച്ച ആരോപണത്തിലെ ഹൈഡ്രജന്‍ ബോംബ് ഭീഷണി വാരാണസിയെ കുറിച്ചാണെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് റായ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് ഇത്. 2024 ൽ തെരഞ്ഞെടുപ്പ് നേരിട്ടപ്പോൾ മോദിയുടെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞിരുന്നു. അജയ് റായ് ആയിരുന്നു എതിർ സ്ഥാനാർത്ഥി.


"ബെംഗളൂരുവിലെ മഹാദേവപുരം നിയമസഭ മണ്ഡലത്തിലെ വോട്ടെടുപ്പ് കൃത്രിമം രാഹുല്‍ ഗാന്ധി തുറന്നുകാട്ടി. അടുത്തത് ഹൈഡ്രജന്‍ ബോംബാണ്. അതിനെക്കാൾ ശക്തിയേറിയ ബോംബാണ്. അതിനാല്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് തന്നെ അത് പൊട്ടിത്തെറിക്കും.


വാരാണസിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്ന ജൂണ്‍ നാലിന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ശേഷം എന്താണ് നടന്നത് എന്നറിയണം. തെരഞ്ഞെടുപ്പ് വിജയത്തിനായി മോദി വഞ്ചന കാണിച്ചു", എന്നായിരുന്നു റായിയുടെ മാധ്യമങ്ങൾക്ക് മുന്നിലെ വാക്കുകൾ.



വിഷയം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായി ഇതുവരെ സംസാരിച്ചിട്ടില്ല. ഇത് തന്റെ അഭിപ്രായമാണ്. എന്നാൽ വാരാണസിയെ കുറിച്ചാണ് രാഹുല്‍ പരാമര്‍ശിച്ചതെന്നും റായ് അവകാശപ്പെട്ടു.


അപ്രതീക്ഷിത തോല്‍വിയുണ്ടായ ഏഴുമണ്ഡലങ്ങളില്‍ ഒന്നായ ബെംഗളൂരു സെന്‍ട്രലിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ പരിശോധന നടത്തി. വോട്ടുമോഷണത്തിന്റെ ഞെട്ടിക്കുന്നവിവരം രാഹുലിന്റെ നേതൃത്വത്തിൽ പുറത്തു കൊണ്ടുവന്നിരുന്നു.  


ഇവിടെ ബിജെപിയുടെ ഭൂരിപക്ഷമുയര്‍ന്നത് അസ്വാഭാവികമായ രീതിയിലായിരുന്നു.


മോദി മൂന്ന് തവണ എതിരിട്ടത് അജയ് റായിയോട്


തിങ്കളാഴ്ച പട്നയിൽ നടന്ന മെഗാ റാലിയിലാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് തട്ടിപ്പുകളുടെ "ഹൈഡ്രജൻ ബോംബ്" കയ്യിലുള്ളതായി പരാമർശം നടത്തിയത്. ബീഹാറിൽ 16 ദിവസം നീണ്ടുനിന്ന വോട്ട് അധികാർ യാത്രയുടെ ഒടുവിലാണ് ഇത്. തന്റെ പര്യടനത്തിലുടനീളം, തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരായ തന്റെ "വോട്ട് ചോരി" ആരോപണം അദ്ദേഹം ആവർത്തിച്ചു.


"മഹാദേവപുരയിലെ വോട്ട് മോഷണം തുറന്നുകാട്ടാൻ ഞാൻ 'ആറ്റം ബോംബ്' കാണിച്ചു, പക്ഷേ ഇപ്പോൾ വോട്ട് മോഷണത്തിന്റെ സത്യം മുഴുവൻ രാജ്യത്തെയും ബോധവാന്മാരാക്കാൻ കൂടുതൽ ശക്തമായ 'ഹൈഡ്രജൻ ബോംബ്' ഞാൻ ഉടൻ പുറത്തുവിടുന്നു," എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.


വെളിപ്പെടുത്തലിനുശേഷം പ്രധാനമന്ത്രിക്ക് പൊതുജനങ്ങളെ നേരിടാൻ കഴിയില്ല എന്നു കൂടി പറഞ്ഞിരുന്നു.


പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നു തവണയും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് വാരണാസിയിൽ നിന്നാണ്. ഇത്തവണ മോദിയുടെ വിജയ ഭൂരിപക്ഷം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞതായിരുന്നു.


2014-ൽ 64 ശതമാനവും 2019-ൽ 56 ശതമാനവും വോട്ട് നേടിയ സ്ഥാനത്ത് മൂന്നാം വട്ടം എത്തിയപ്പോൾ 54 ശതമാനം വോട്ട് ആയി കുറഞ്ഞു. അദ്ദേഹത്തിനെതിരെ മത്സരിച്ച അജയ് റായ് 41 ശതമാനം വോട്ട് നേടിയിരുന്നു.

ajay rai congrsss


പൂർവാഞ്ചലിന്റെ 'ബാഹുബലി' എന്ന് അറിയപ്പെടുന്ന കോൺഗ്രസ് നേതാവ് അജയ് റായിക്ക് 57 വയസ്സുണ്ട്. 2019 ലും 2014 ലും അവസാനമായി 2024 ലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ മോദിയോട് ഏറ്റുമുട്ടി.


ആർ‌എസ്‌എസിന്റെ വിദ്യാർത്ഥി വിപുലീകരണ വിഭാഗമായ എബിവിപിയിലൂടെയാണ് അജയ് റായ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1996 മുതൽ 2007 വരെ ഉത്തർപ്രദേശ് നിയമസഭയിൽ കൊലാസ്ല നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു.


ലോക്‌സഭാ തിരഞ്ഞെടുപ്പ് ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് റായി ബിജെപിയോട് വേർപിരിഞ്ഞ് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. 2012 ൽ കോൺഗ്രസിൽ ചേർന്നു. യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്ദ്ര നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ചെങ്കിലും 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റു.



deshabhimani section

Related News

View More
0 comments
Sort by

Home