ബിജെപിക്കായി വോട്ടുകൾ മോഷ്ടിച്ചു; തെളിവുകളുടെ "ആറ്റം ബോംബ്'' കയ്യിലുണ്ടെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നതായുള്ള ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ (ECI) 'വോട്ട് ചോരി' എന്ന് വിശേഷിപ്പിച്ച രാഹുൽ വോട്ട് മോഷണം തെളിയിക്കുന്നതിനായുള്ള വിവരങ്ങൾ കയ്യിലുണ്ടെന്നും അവകാശപ്പെട്ടു.
തങ്ങൾ കണ്ടെത്തിയിരിക്കുന്നത് "ഒരു ആറ്റം ബോംബ് ആണെന്നും അത് പൊട്ടിത്തെറിക്കുമ്പോൾ ECI അദൃശ്യമാക്കുമെന്നും" പാർലമെന്റിന് പുറത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മധ്യപ്രദേശിലും പിന്നീട് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും സംശയങ്ങളുണ്ടായിരുന്നു. മഹാരാഷ്ട്രയിൽ, കോൺഗ്രസ് ഈ വിഷയത്തിൽ ഒരു പടി കൂടി മുന്നോട്ട് പോയി സംസ്ഥാന തലത്തിൽ അന്വേഷണം നടത്തി. "ഇതൊരു തുറന്നതും അടച്ചതുമായ കേസാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി വോട്ട് മോഷ്ടിക്കാൻ ശ്രമിക്കുകയാണ്," രാഹുൽ ഗാന്ധി പറഞ്ഞു.
ബീഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ബ്ലോക്കിലെ നേതാക്കൾ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് സംയുക്ത കത്ത് സമർപ്പിച്ച ദിവസത്തിലാണ് വെളിപ്പെടുത്തൽ. ബിഹാറിൽ ഇന്ന് കരട് വോട്ടർപട്ടിക കമ്മീഷൻ പുറത്തിറക്കുകയും ചെയ്തു.
കത്തിക്കയറി രാഹുൽ
''തെരഞ്ഞെടുപ്പ് കമ്മീഷനിൽ മുകളിൽ നിന്ന് താഴേക്ക് ഇത് ചെയ്യുന്ന ആരായാലും അവർ ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്നതിനാൽ ഞങ്ങൾ അവരെ വെറുതെ വിടില്ല. ഇത് രാജ്യദ്രോഹമാണ്, അതിൽ കുറഞ്ഞ ഒന്നുമല്ല." എന്നും രാഹുൽ തുടർന്നു.
"ഞാനിത് നിസ്സാരമായി പറയുന്നതല്ല. 100 ശതമാനം തെളിവുകളുടെ അടിസ്ഥാനത്തിലാണിത് പറയുന്നത്. ഞങ്ങൾ അത് പുറത്തുവിട്ടാലുടൻ രാജ്യം മുഴുവൻ അറിയും, തിരഞ്ഞെടുപ്പ് കമ്മീഷൻ 'വോട്ട് ചോരി'ൽ മുഴുകുകയാണെന്ന്. അവർ അത് ചെയ്യുന്നത് ബിജെപിക്കുവേണ്ടിയാണ്," അദ്ദേഹം പറഞ്ഞു.









0 comments