സീനിയർ വിദ്യാർഥികളുടെ റാഗിങ്; തെലങ്കാനയിൽ ഒന്നാം വർഷ എൻജിനിയറിങ് വിദ്യാർഥി ജീവനൊടുക്കി

ഹൈദരാബാദ്: സീനിയർ വിദ്യാർഥികളുടെ പീഡനത്തെ തുടർന്ന് ഒന്നാം വർഷ എൻജിനിയറിങ് വിദ്യാർഥി ജീവനൊടുക്കി. ആദിലാബാദ് സ്വദേശിയായ 19കാരനാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മെഡ്ചൽ-മൽകജ്ഗിരി ജില്ലയിലെ മെഡിപ്പള്ളിയിലാണ് സംഭവം. വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബാർ ബില്ല് അടയ്ക്കാൻ വിദ്യാർഥിയിൽ നിന്ന് പണം വേണമെന്ന് സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇത് കിട്ടാതായതോടെ മർദിക്കുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് വിദ്യാർഥി ഒരു വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചതായും പണം ആവശ്യപ്പെട്ടതായുമാണ് വീഡിയോയിലുള്ളത്. തന്നെ ഉപദ്രവിച്ചുവെന്നും ഒരു പാർട്ടിക്ക് ശേഷം 10,000 രൂപയുടെ ബിൽ അടയ്ക്കാൻ നിർബന്ധിച്ചുവെന്നും വിദ്യാർഥി വീഡിയോയിൽ പറയുന്നു.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തൽ, എസ്‌സി & എസ്ടി നിയമലംഘനം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ പി വി പത്മജ റെഡ്ഡി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സെപ്തംബർ 11 രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർധിച്ചുവരുന്ന വിദ്യാർഥി ആത്മഹത്യകളിൽ ഡൽഹി ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഉത്തരവാദിത്വമുള്ള ഒരു റാഗിങ് വിരുദ്ധ സംവിധാനം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.









0 comments