ഹരിയാനയിലും പഞ്ചാബിലും വ്യാപക പ്രതിഷേധം
കര്‍ഷക സമരം അടിച്ചമർത്താൻ പഞ്ചാബ് ; നേതാക്കള്‍ കസ്റ്റഡിയില്‍

ന്യൂഡൽഹി : പഞ്ചാബ്–ഹരിയാന അതിർത്തിയായ ശംഭുവിലെ കർഷക സമരം അക്രമത്തിലൂടെ അടിച്ചമർത്താനുള്ള സർക്കാരുകളുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനുമായും മറ്റ് മന്ത്രിമാരുമായി കർഷകർ ബുധനാഴ്ച നടത്തിയ ഏഴാംവട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു. യോഗം കഴിഞ്ഞ് അതിർത്തിയിലേക്ക് മടങ്ങിയ കർഷക നേതാക്കളെ പൊലീസ് അറസ്‌റ്റുചെയ്യുകയായിരുന്നു.
കർഷക നേതാവ് ജഗ്‌ജിത് സിങ് ദല്ലേവാൾ, കിസാൻ മസ്‌ദൂർ മോർച്ചാ നേതാവ് സർവൻ സിങ് പാന്ഥർ തുടങ്ങിയ നേതാക്കൾ അറസ്റ്റിലായി. ശംഭു അതിർത്തിയിൽനിന്നും സമരം ചെയ്യുന്ന കർഷകരെയും ബലം പ്രയോഗിച്ച് നീക്കി. സമരപന്തലുകളും താൽക്കാലിക ഷെഡ്ഡുകളും ബുൾഡോസറുകൾ കൊണ്ട് തകർത്തു. ശംഭു, ഖനൗരി മേഖലകളിൽ പഞ്ചാബ് സർക്കാർ സുരക്ഷ ശക്തമാക്കി. ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. ഒരു വർഷത്തിലേറെയായി അടഞ്ഞുകിടന്ന അതിർത്തികൾ ഉടൻ തുറക്കുമെന്നും പ്രഖ്യാപിച്ചു. ഹരിയാന പൊലീസ് സ്ഥലത്തെ ബാരിക്കേഡുകൾ പൊളിച്ചുനീക്കി.
വിളകൾക്ക് മിനിമം താങ്ങുവില ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് 2024 ഫെബ്രുവരി 13 മുതൽ കർഷകർ സമരത്തിലാണ്. കർഷകർക്കുനേരെ ഉണ്ടായ അതിക്രമത്തിനെതിരെ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെ വസതിക്കുമുന്നിൽ വൻ പ്രതിഷേധമുയർന്നു. കർഷക നേതാക്കളെ അറസ്റ്റുചെയ്ത പഞ്ചാബ് സർക്കാരിന്റെ നടപടി അപലപനീയമാണെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു.









0 comments