ജ്യോതി മൽഹോത്രയുമായി ബന്ധമുള്ള യൂട്യൂബർ പഞ്ചാബിൽ അറസ്റ്റിൽ

ചണ്ഡീഗഡ്: ജ്യോതി മൽഹോത്രയുമായി അടുത്ത ബന്ധമുണ്ടായിരുന്ന യൂട്യൂബർ പഞ്ചാബിൽ അറസ്റ്റിൽ. രൂപ്‌നഗർ ജില്ലയിലെ മഹ്‌ലാൻ സ്വദേശിയായ ജസ്ബീർ സിംഗ് ആണ് പിടിയിലായത്. 'ജാൻ മഹൽ' എന്ന യൂട്യൂബ് ചാനൽ ഉടമയായ ഇയാൾക്ക് പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുമായി (പിഐഒ) ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. സംഭവത്തിൽ മൊഹാലിയിലെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെല്ലിൽ കേസ് രജിസ്റ്റർ ചെയ്തു.
"ചാരവൃത്തി ആരോപിച്ച് ഹരിയാന പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത ജ്യോതി മൽഹോത്രയുമായും ജസ്ബീറിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഭീകരവാദ പിന്തുണയുള്ള ചാരവൃത്തി ശൃംഖലയുടെ ഭാഗമായ പിഐഒ ഷാക്കിർ എന്ന ജട്ട് രൺധാവയുമായി ഇയാൾക്ക് ബന്ധമുള്ളതായി കണ്ടെത്തി. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായിരിക്കെ പുറത്താക്കപ്പെട്ട പാക് പൗരനായ എഹ്സാൻ-ഉർ-റഹീം എന്നറിയപ്പെടുന്ന ഡാനിഷുമായും ഇയാൾ ബന്ധം പുലർത്തിയിരുന്നു"- ഗൗരവ് യാദവ് എക്സിൽ കുറിച്ചു.
ഡാനിഷിന്റെ ക്ഷണപ്രകാരം ഡൽഹിയിൽ നടന്ന പാകിസ്ഥാൻ ദേശീയ ദിന പരിപാടിയിൽ ജസ്ബീർ പങ്കെടുത്തിരുന്നു. അവിടെവച്ച് പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരെയും വ്ലോഗർമാരെയും കണ്ടതായും അന്വേഷണത്തിൽ വ്യക്തമായി. 2020, 2021, 2024 വർഷങ്ങളിലായി മൂന്ന് തവണ ഇയാൾ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ജസ്ബീറിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ പാകിസ്ഥാനിൽ നിന്നുള്ള ഒന്നിലധികം നമ്പറുകൾ ഉണ്ടായിരുന്നു. വിശദമായ ഫോറൻസിക് പരിശോധന നടത്തുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഹരിയാനയിലെ ഹിസർ സ്വദേശി ജ്യോതി മൽഹോത്ര പാകിസ്ഥാന് വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയെന്ന കണ്ടെത്തലിൽ കഴിഞ്ഞമാസമാണ് അറസ്റ്റിലായത്. ജ്യോതി 'ട്രാവൽ വിത്ത് ജോ' എന്ന യൂട്യൂബ് ചാനൽ നടത്തിവരികയായിരുന്നു. ‘ഓപ്പറേഷൻ സിന്ദൂറിന്’ ശേഷം ഇന്ത്യ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ജ്യോതി മൽഹോത്ര പാകിസ്ഥാന് കൈമാറിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെയാണ് ഇവർ അറസ്റ്റിലായത്.
പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷിനെ ചാരവൃത്തി ആരോപിച്ച് മെയ് 13 ന് ഇന്ത്യ പുറത്താക്കി. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനും തുടർന്ന് പാകിസ്ഥാനുമായുണ്ടായ നാല് ദിവസം നീണ്ട സൈനിക സംഘർഷത്തിനും ശേഷമാണ് രാജ്യത്തിനുള്ളിലെ ചാര ശൃംഖലകൾക്കെതിരായ നടപടികൾ ആരംഭിച്ചത്.









0 comments