തീവ്രവാദബന്ധം; പൂനെയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റിൽ

പൂനെ: അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്നാരോപിച്ച് പൂനെയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ അറസ്റ്റ് ചെയ്തു. സോളാപുർ സ്വദേശിയായ സുബൈർ ഹംഗർഗേക്കർ എന്ന ടെക്കിക്കെതിരെയാണ് യുഎപിഎ ചുമത്തി കേസെടുത്തിരിക്കുന്നത്.
ഇയാളുടെ കൈവശം നിന്ന് അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ പ്രസംഗങ്ങളുടെ ഉറുദു പരിഭാഷ അടക്കമുള്ള രേഖകൾ കണ്ടെടുത്തതായി എടിഎസ് വൃത്തങ്ങൾ അറിയിച്ചു. എകെ-47 തോക്ക് ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങൾ, ബോംബുകൾ നിർമ്മിക്കുന്നതിന്റെ ഫോട്ടോകൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകളും ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം മുതൽ എടിഎസ് നിരീക്ഷണത്തിലായിരുന്ന ഹംഗർഗേക്കറിനെ കോൺഡ്വ പ്രദേശത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. യുവജനങ്ങളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ഇയാൾ ശ്രമിച്ചിരുന്നോ എന്നും മഹാരാഷ്ട്രയിലും മറ്റ് നഗരങ്ങളിലും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
കമ്പ്യൂട്ടർ സയൻസിൽ ഉന്നത വിദ്യാഭ്യാസം നേടിയ ഇയാൾ പൂനെയിലെ കല്യാണി നഗറിലുള്ള ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇയാളെ പ്രത്യേക യുഎപിഎ കോടതിയിൽ ഹാജരാക്കിയ ശേഷം നവംബർ 4 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഭീകരവാദ ബന്ധമുള്ള കൂടുതൽ വ്യക്തികളെ കണ്ടെത്താനായി ഡിജിറ്റൽ തെളിവുകൾ വിശദമായി പരിശോധിച്ചുവരികയാണെന്ന് എടിഎസ് വ്യക്തമാക്കി.









0 comments