തഹാവൂർ റാണ കേസിൽ വിചാരണയ്ക്കായി പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

തഹാവൂർ റാണ
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയുടെ കേസിന്റെ വിചാരണയ്ക്കായി പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. വിവിധ കേസുകളിൽ സിബിഐയെ പ്രതിനിധീകരിച്ച് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിട്ടുള്ള അഭിഭാഷകൻ നരേന്ദർ മന്നെയാണ് നിയമിച്ചത്. മൂന്ന് വർഷത്തേക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നരേന്ദർ മന്നെ നിയമിച്ചതായി ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
അതേസമയം, അമേരിക്കയിൽ നിന്നും ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ റാണയെ ഇന്ന് ഡൽഹിയിലെത്തിക്കും. ഡൽഹിയിലെത്തിയാൽ ഉടൻ എൻഐഎ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. തുടർന്ന് വിർച്വലായി കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. തിഹാർ ജയിലില്‍ ആയിരിക്കും ഇയാളെ പാർപ്പിക്കുക. ജയിലിൽ ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
2019ലാണ് റാണയെ കസ്റ്റഡിയിൽ ലഭിക്കാൻ അമേരിക്കയ്ക്ക് ഇന്ത്യ അപേക്ഷ നൽകിയത്. തഹാവൂർ റാണ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയാണെന്നും അതിനാൽ ഇന്ത്യയ്ക്ക് കൈമാറമമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. റാണയെ ഇന്ത്യക്ക് കൈമാറുന്നത് തടയാനാവില്ലെന്ന് യുഎസ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി തഹാവൂർ റാണ സമർപ്പിച്ച അടിയന്തര അപേക്ഷയും കോടതി തള്ളി. കുറ്റവാളി കൈമാറ്റ ഉടമ്പടിപ്രകാരം റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം കലിഫോർണിയ കോടതി നേരത്തെ അനുവദിച്ചിരുന്നു.
രണ്ടുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ കൈമാറ്റം ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചത്. ബാല്യകാല സുഹൃത്തും പാക് വംശജനുമായ- അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന് ലഷ്കറെ തയ്‌ബയ്ക്കുവേണ്ടി ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് പാക് വംശജനായ കനേഡിയൻ വ്യവസായി റാണയ്ക്കെതിരെയുള്ള കേസ്. 2008 നവംബർ 26നായിരുന്നു മുംബൈയിൽ ഭീകരാക്രമണം നടന്നത്. 2009 മുതൽ ലൊസാഞ്ചലസിലെ ജയിലിലാണ് റാണ.
താജ് ഹോട്ടൽ, ഒബ്‌റോയ് ട്രൈഡൻ്റ് ഹോട്ടൽ, ഛത്രപതി ശിവാജി ടെർമിനസ്, ലിയോപോൾഡ് കഫേ, മുംബൈ ചബാദ് ഹൗസ്, നരിമാൻ ഹൗസ്, മെട്രോ സിനിമ എന്നിവിടങ്ങളിലായിരുന്നു ആക്രമണം ഉണ്ടായത്. ഭീകരാക്രമണത്തിൽ ആറ് അമേരിക്കക്കാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടു. കടൽ മാർഗം മുംബൈയിലെത്തിയ 10 പാകിസ്ഥാൻ ഭീകരർ 60 മണിക്കൂറിലധികമാണ് മുംബൈയെ മുൾമുനയിൽ നിർത്തിയത്. ഇതേ കേസിൽ പിടിയിലായ പാക്ക് ഭീകരൻ അജ്മൽ കസബിനെ വിചാരണ ചെയ്ത് 2012 നവംബർ 21ന് തൂക്കിലേറ്റിയിരുന്നു.









0 comments