കല്ല് വിഴുങ്ങിയെന്ന് തടവുപുള്ളി; ശസ്ത്രക്രിയയിലൂടെ കണ്ടെടുത്തത് മൊബൈൽ

PHOTO CREDIT: X
ശിവമോഗ: കർണാടകത്തിൽ തടവുപുള്ളി മൊബൈൽഫോൺ വിഴുങ്ങി. ശിവമോഗ സെൻട്രൽ ജയിലിലാണ് സംഭവം. കഞ്ചാവ് കടത്തുകേസിൽ തടവിൽ കഴിയുന്ന ദൗലത്ത് (ഗുണ്ടു,30) ആണ് മൊബൈൽ വിഴുങ്ങിയത്. കല്ല് വിഴുങ്ങിയതിനെ തുടർന്ന് വയറുവേദന അനുഭവപ്പെടുന്നതായാണ് യുവാവ് ജയിൽ അധികൃതരെ അറിയിച്ചത്. തുടർന്ന് ദൗലത്തിനെ മക്ഗൺ ആശുപത്രിയിലേക്ക് മാറ്റി.
പരിശോധനയിൽ ദൗലത്തിന്റെ വയറ്റിൽ സംശയാസ്പദമായ വസ്തു കണ്ടെത്തി. തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചു. പിന്നാലെ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
എന്നാൽ കല്ല് പ്രതീക്ഷിച്ച ഡോക്ടർമാർക്ക് ലഭിച്ചത് മൊബൈൽഫോണാണ്. തടവ് പുള്ളിയുടെ വയറ്റിൽ നിന്നും മൊബൈൽഫോൺ പുറത്തെടുത്തു. ഒരു ഇഞ്ച് വീതിയും മൂന്ന് ഇഞ്ച് നീളവുമുള്ള ഒരു മൊബൈൽ ഫോൺ ആണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
ജൂലൈ 8നാണ് സംഭവം. പുറത്തെടുത്ത മൊബൈൽ ഡോക്ടർമാർ ജയിൽ അധികൃതർക്ക് കൈമാറി. അടുത്ത ദിവസം, ദൗലത്തിനെതിരെ ജയിൽ ചീഫ് സൂപ്രണ്ട് പി രംഗനാഥ് തുംഗ നഗർ പൊലീസിൽ പരാതി നൽകി. നിരോധിത വസ്തു ജയിലിനുള്ളിൽ കൊണ്ടുപോയി എന്ന കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
2024 ജൂണിൽ, മയക്കുമരുന്ന് കടത്ത് കേസിൽ ശിവമോഗ ജില്ലാ കോടതി ദൗലത്തിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. തുടർന്ന് ശിവമോഗ സെൻട്രൽ ജയിലി തടവ് ശിക്ഷ അനുഭവിക്കുയായിരുന്നു.









0 comments