ദളിത് വിദ്യാർഥിയെ ആർത്തവത്തിന്റെ പേരിൽ ക്ലാസ്മുറിയ്ക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ

ചെന്നൈ: കോയമ്പത്തൂരിലെ സ്വകാര്യ സ്‌കൂളിൽ ആർത്തവമുള്ള ദളിത് വിദ്യാർഥിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി. കിണത്തുകടവിനടുത്തുള്ള സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയെയാണ് ക്ലാസ് മുറിയ്ക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചത്. സംഭവത്തിൽ മാതാപിതാക്കളാണ് സ്വകാര്യ സ്കൂളിനെതിരെ പരാതി നൽകിയത്. തുടര്‍ന്ന് അന്വേഷണവിധേയമായി പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു.
ആർത്തവം കാരണം വിദ്യാർഥിയെ ക്ലാസ്മുറിയിലെ തന്നെ ഒരു ഇരിപ്പിടത്തിൽ തനിയെ ഇരുത്തണമെന്ന് മാതാപിതാക്കൾ അധ്യാപകരെ അറിയിച്ചിരുന്നു. എന്നാൽ പെൺകുട്ടിയെ ക്ലാസ് മുറിയിൽ കയറ്റാൻ അനുവദിക്കാതെ പുറത്തിരുത്തി പരീക്ഷ എഴുതിക്കുകയായിരുന്നു. തുടർച്ചയായി രണ്ട് ദിവസം നടപടി ആവർത്തിച്ചതായാണ് പരാതി.
പെൺകുട്ടിയുടെ അമ്മ സ്കൂളിൽ എത്തിയപ്പോഴാണ് മകൾ പുറത്തിരുന്ന് പരീക്ഷ എഴുതുന്നത് കണ്ടത്. ഇതോടെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ആർത്തവമായതിനാൽ പ്രിൻസിപ്പാലിന്റെ നിർദേശപ്രകാരമാണ് പുറത്തിരുത്തിയതെന്ന് പെൺകുട്ടി പറഞ്ഞു. ഇവയുടെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പാലിനെതിരെ നടപടി എടുത്തത്. സംഭവത്തിൽ പൊള്ളാച്ചി എ എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.









0 comments