ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചു; 16കാരി കാമുകനെ കഴുത്തറുത്ത് കൊന്നു

റായ്‌പൂർ: ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ച് ഭീഷണിപ്പെടുത്തിയ കാമുകനെ 16കാരി കഴുത്തറുത്ത് കൊന്നു. ഛത്തീസ്‌ഗഡിലെ റായ്‌പൂരിലാണ് സംഭവം. ബിഹാർ സ്വദേശിയായ മൊഹമ്മദ് സദ്ദാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിലാസ്‌പൂർ സ്വദേശിനിയായ പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് പറയുന്നതനുസരിച്ച്, സെപ്തംബർ 28നാണ് സദ്ദാമിനെ കാണാൻ പെൺകുട്ടി റായ്‌പൂരിൽ എത്തിയത്. തുടർന്ന് ഇരുവരും റായ്പൂരിലെ രമൻ മന്ദിർ വാർഡിലെ സത്കാർ ഗലിയിൽ സ്ഥിതി ചെയ്യുന്ന ഏവൺ ലോഡ്ജിൽ താമസിച്ചിക്കുകയും ചെയ്തു. ഇതിനിടെ മൂന്നുമാസം ഗർഭിണിയായ യുവതിയോട് ഗർഭം അലസിപ്പിക്കാൻ സദ്ദാം നിർബന്ധിക്കുകയായിരുന്നു. ലോഡ്ജിൽ വച്ച് സദ്ദം കത്തി കാട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെ രാത്രി ഉറങ്ങുകയായിരുന്ന സദ്ദാമിനെ അതേ കത്തികൊണ്ട് പെൺകുട്ടി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം സദ്ദാമിന്റെ മൊബൈൽ ഫോണുമെടുത്ത് മുറി പൂട്ടി രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് വീട്ടിലെത്തിയ പെൺകുട്ടി അമ്മമയോട് കാര്യങ്ങൾ പറയുകയായിരുന്നു. പിന്നാലെ അമ്മ മകളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിവരം അറിയിക്കുകയും ചെയ്തു.
ലോഡ്ജിൽ എത്തിയ പൊലീസ് രക്തത്തിൽ കുളിച്ച നിലയിൽ സദ്ദാമിന്റെ മൃതദേഹം കണ്ടെത്തി. സദ്ദാമിന്റെ ഫോൺ കസ്റ്റഡിയിലെടുത്തതായും വീട്ടുകാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.









0 comments